ആനന്ദപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ ജീവിതം

ആനന്ദപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ ജീവിതം

Articles Breaking News Editorials

ആനന്ദപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ ജീവിതം
ലോക മലയാളികളില്‍ ബഹുഭൂരിപക്ഷവും ഒരു ഓണംകൂടി ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. നൂറ്റാണ്ടുകള്‍ക്കു മുമ്പേതന്നെ അനുഷ്ഠിച്ചുവന്ന എല്ലാ പാരമ്പര്യ ആചാരങ്ങളും ഉപേക്ഷിക്കാതെതന്നെ ഓണത്തെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയുണ്ടായി.

മുമ്പത്തേക്കാളും ഈ സീസണ് പ്രത്യേകതയുണ്ട്. എന്തെന്നാല്‍ വന്‍ വിലക്കയറ്റം രൂക്ഷമായ സമയത്താണ് ഇങ്ങനെയൊരു ആഘോഷം എന്നതുതന്നെ എന്ന് എടുത്തുപറയേണ്ടതാണ്. പണം ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഓണത്തിന് എല്ലാവരും ഓര്‍ത്തുപോകുന്ന പ്രധാന കാര്യം മഹാബലി തമ്പുരാന്റെ സമത്വപൂര്‍ണ്ണമായ ഭരണത്തെയാണ്. മനുഷ്യരെല്ലാവരും ഒന്നുപോലെയായിരുന്നു.

കള്ള വും, ചതിവും ഇല്ലായിരുന്നു. ആര്‍ക്കും ഒരു ആപത്തുപോലും ഇല്ലായിരുന്നു. എല്ലാവര്‍ക്കും പരമസുഖം തന്നെ. ഇതായിരുന്നു ഐതിഹ്യം. ചുരുക്കം പറഞ്ഞാല്‍ കേരളം സ്വര്‍ഗ്ഗതുല്യമായിരുന്നുവെന്ന് വ്യാഖ്യാനം. ഇത് ഒരിക്കലും വിശ്വസിക്കുവാനോ, അംഗീകരിക്കുവാനോ ദൈവമക്കളായ നമുക്കു സാധിക്കത്തില്ല. കാരണം മേല്‍പറഞ്ഞ എല്ലാ ദിവ്യഗുണങ്ങളും പകര്‍ന്നു തരുവാന്‍ സാക്ഷാല്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു. അത് ഈ ഭൂമണ്ഡലത്തെ സൃഷ്ടിച്ച യഹോവയായ ദൈവത്തിനുമാത്രം അല്ലാതെ ഭൂമിയില്‍ ഒരു ഭരണ കര്‍ത്താവിനും സ്വര്‍ഗ്ഗതുല്യമായ അനുഭവം ഉണ്ടാക്കുവാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. കഴിയത്തുമില്ല. എന്താണെന്നുവച്ചാല്‍ ഈ ഭൂമി ശാപഗ്രസ്തമാണ്.

മനുഷ്യന്റെ പാപംമൂലം ശപിക്കപ്പെട്ട ഭൂമിയില്‍ നിന്നും ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവില്‍ക്കൂടി മനുഷ്യവര്‍ഗ്ഗത്തെ മോചിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ഭൂമിയില്‍ സമത്വതുല്യമായ ഭരണം നടന്നുവെന്നു വിശ്വസിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. മനുഷ്യര്‍ അത്രയ്ക്കു ബലഹീനരാണ്.
ദുഃഖവും, രോഗവും, കഷ്ടതയും ചതിവുമില്ലാത്ത ഒരു ലോകം ഇനി ഉണ്ടാകും. ഭരണകര്‍ത്താവ് യേശുക്രിസ്തു മാത്രമായിരിക്കും. ഈ ഭൂമി നശിക്കും. പകരം നിത്യമായ ഒരു വിശുദ്ധ നഗരം ഉണ്ടാകും. അതാണ് നാം ഏവരും ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗം. മരണമില്ലാത്ത ജീവിതാനുഭവം.

പുതിയ ഒരു പ്രപഞ്ചം. വെളിപ്പാടു പുസ്തകം 21-ാം അദ്ധ്യായത്തില്‍ വിവരിക്കുന്ന സംഭവം സ്ഥാപിക്കപ്പെടുവാന്‍ പോകുകയാണ്. അതിനുവേണ്ടി ലോകം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. സ്വര്‍ഗ്ഗീയ അനുഭവം എന്നത് ഒരു കെട്ടുകഥയോ, കിഴവിക്കഥയോ അല്ല. അന്ത്യകാലത്ത് സംഭവിക്കുവാന്‍ പോകുന്ന കാര്യം ദൈവം തന്റെ വിശ്വസ്തന്മാരായ ദൈവദാസന്മാരില്‍ക്കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.

അതുകൊണ്ട് ആരൊക്കെ എന്തൊക്കെ ഈ ലോകപ്രകാരം ആചരിച്ചാലും ആഘോഷിച്ചാലും യാതൊരു സംതൃപ്തിയും ലഭിക്കുകയില്ല. ഇതൊക്കെ വെറും താല്‍ക്കാലികം മാത്രം. കുറച്ചു പണം മുടക്കുന്നുവെന്നുമാത്രം എന്നാല്‍ സൌജന്യമായി ലഭിക്കുന്ന ജീവജലത്തിന്റെ നിത്യ അനുഭവത്തിനായി ഒരുങ്ങുകമാത്രമാണ് ഏക പോംവഴി. അതിനു പരിഹാരം യേശുക്രിസ്തു മാത്രമാണ്.
പാസ്റ്റര്‍ ഷാജി. എസ്.