രക്തസമ്മര്‍ദ്ദം കുറയുന്നതും വളരെ ശ്രദ്ധിക്കണം

രക്തസമ്മര്‍ദ്ദം കുറയുന്നതും വളരെ ശ്രദ്ധിക്കണം

Breaking News Health

രക്തസമ്മര്‍ദ്ദം കുറയുന്നതും വളരെ ശ്രദ്ധിക്കണം
നമ്മള്‍ രക്ത സമ്മര്‍ദ്ദം കൂടിയവരെയാണ് വളരെയേറെ ശ്രദ്ധിക്കുന്നത്. അതിന്റെ പിന്നിലെ ഭവിഷ്യത്തുകളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ടാണ്.

എന്നാല്‍ രക്ത സമ്മര്‍ദ്ദം കുറഞ്ഞവര്‍ തങ്ങള്‍ക്കു കിട്ടിയ ഒരു വരദാനമായി പലപ്പോഴും അത് ആഘോഷിക്കാറുണ്ട്. എല്ലായ്പ്പോഴും നോര്‍മ്മല്‍ സാഹചര്യത്തില്‍ ബി.പി. നിലനില്‍ക്കണമെന്നില്ല. ചിലര്‍ക്ക് ചില ഘട്ടങ്ങളില്‍ പ്രഷര്‍ വളരെ താഴ്ന്ന നിലയിലേക്കു കടന്നു വരാറുണ്ട്. അതായത് 90/60 ലും താഴെ വരുന്ന അവസ്ഥയെ ഹൈപ്പോടെന്‍ഷന്‍ എന്നാണ് കണക്കാക്കുന്നത്.

രക്ത സമ്മര്‍ദ്ദം വലിയ നിലയില്‍ കൂടുന്നതും കുറയുന്നതും അപകടത്തിന്റെ രണ്ടു വശങ്ങളാണ്. ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെ രക്തം പമ്പ് ചെയ്യുമ്പോള്‍ രക്തക്കുഴലിന്റെ ഭിത്തിയില്‍ അനുനഭവപ്പെടുന്ന മര്‍ദ്ദമാണ് രക്ത സമ്മര്‍ദ്ദം. ഹൃദയം ചുരുങ്ങുമ്പോള്‍ രക്ത സമ്മര്‍ദ്ദം 120 മില്ലീമീറ്റര്‍ ഓഫ് മെര്‍ക്കുറിയും ഹൃദയം വികസിക്കുമ്പോള്‍ 80 മില്ലീമീറ്റര്‍ ഓഫ് മെര്‍ക്കുറിയും കാണുന്നു.

രക്ത സമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ ‍: തലകറക്കം, വീഴാന്‍ പോകുന്നതുപോലെ തോന്നല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍ ‍. കിടന്നിട്ടും ഇരുന്നിട്ടും എഴുന്നേല്‍ക്കുമ്പോഴും തലച്ചോറിലേക്ക് രക്തമൊഴുകുന്നത് കുറയുന്നതാണ് പ്രശ്നത്തിനെല്ലാം കാരണം. കിടന്നാല്‍ തലയിലേക്ക് രക്തമൊഴുകിയെത്തുകയും നാം പൂര്‍വ്വാവസ്ഥയില്‍ എത്തുകയും ചെയ്യും. തലച്ചോറിലേക്കു രക്തം ഒഴുകുന്നതു കുറയുന്ന അവസ്ഥയാണ് രക്ത സമ്മര്‍ദ്ദം കുറയുക എന്നു പറയുന്നത്.

ഇതിനു കാരണങ്ങള്‍ പലതാണ്. രക്തത്തിന്റെ അളവ് കുറഞ്ഞതാകാം. ശരീരത്തില്‍നിന്നു രക്തപ്രവാഹമുണ്ടായാലും, രക്തം പുറത്തു പോകുന്ന രോഗങ്ങള്‍ ഉണ്ടായാലും ഇങ്ങനെ സംഭവിക്കാം. വെള്ളം കുടിക്കുന്നതു വളരെ കുറഞ്ഞാലും ശരീരത്തില്‍നിന്നു ജലാംശം കൂടുതല്‍ നഷ്ടപ്പെട്ടാലും പ്രഷര്‍ കുറയാന്‍ സാദ്ധ്യതയുണ്ട്. ഭക്ഷണശേഷം ചിലരില്‍ തലകറക്കം കൂടാം.

ശരീരത്തിലെ രക്തത്തിന്റെ നല്ലൊരു ഭാഗം കുടലിലേക്കു ഒഴുകുന്നതുകൊണ്ടാണിത്. പ്രമേഹ രോഗികളില്‍ ഇങ്ങനെ കാണാറുണ്ട്. ചിലര്‍ക്ക് ബാത്ത്റൂമില്‍വെച്ച് പ്രഷര്‍ കുറഞ്ഞ് തലകറക്കം വരാം. അമിത രക്തസമ്മര്‍ദ്ദം ചെലുത്തി മലമൂത്ര വിസര്‍ജ്ജനം ചെയ്യുമ്പോള്‍ വാഗസ് നെര്‍വ് ഉത്തേജിക്കപ്പെടുന്നതിനാലാണിത്. അതുപോലെ ചുമയ്ക്കുമ്പോഴും ഭക്ഷണം വിഴുങ്ങുമ്പോഴും ഇങ്ങനെ സംഭവിക്കാം.

പ്രതിവിധി: ഉപ്പ് കൂടുതല്‍ കലര്‍ത്തിയ പാനീയങ്ങള്‍ കുടിക്കുക, ധാരാളം വെള്ളം കുടിയ്ക്കുക, മദ്യം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.