മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍
വിവിധ തരത്തിലുള്ള കൊലപാതകങ്ങള്‍ നാടിനെ ഭീതിയിലാഴ്ത്തുന്നു. ഭവനങ്ങളില്‍ , അയല്‍പക്കത്ത്, തെരുവുകളില്‍ എന്നുവേണ്ട സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിലും സ്വാഭാവികമായും, അസ്വഭാവികമായും ഒറ്റയ്ക്കോ, കൂട്ടമായോ പലരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇതില്‍ പാവപ്പെട്ടവനെന്നോ, ധനികനെന്നോ ഇല്ലാതെ, ലിംഗഭേദമോ, ജാതിഭേദമോ ഇല്ലാതെ നിഷ്ഠൂരമായി നടമാടുന്നത് സമൂഹത്തിനുതന്നെ അപമാനമായിക്കൊണ്ടിരിക്കുന്നു. ഉന്നത വ്യക്തികള്‍ കൊലചെയ്യപ്പെട്ട പല കേസ്സുകള്‍ ഇന്നും വ്യക്തമായി തെളിയിക്കപ്പെടാതെ കിടക്കുന്ന അവസ്ഥയില്‍ സാധാരണക്കാരുടെ കാര്യം പറയണമോ?
പെട്ടന്ന് വൈകാരികതയില്‍ നിന്നുണ്ടാകുന്നത്, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടാകുന്നത്, കരുതിക്കൂട്ടി നടത്തുന്ന രീതി എന്നീ മൂന്നു തലങ്ങളിലാണ് കൊലപാതകങ്ങള്‍ നടക്കാറുള്ളത്. ഇതില്‍ നിസ്സാര കാര്യത്തിനുപോലും എതിരാളിയുടെ വിലപ്പെട്ട ജീവന്‍ എടുക്കുന്ന ക്രൂര നരാധമന്മാര്‍ ഇന്ന് സമൂഹത്തിന്റെ ജീര്‍ണ്ണതകളാണ്.
ഒരു വ്യക്തിക്ക് തന്റെ എതിരാളിയോട് എതിര്‍പ്പോ, വിദ്വേഷമോ തോന്നിയാല്‍ ഏറ്റവും പരമാവധി ശിക്ഷ നല്‍കുന്ന രീതിയാണ് ജീവന്‍ അപഹരിക്കുക എന്നള്ള കിരാത മാര്‍ഗ്ഗം. കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ ഈ പൈശാചിക കര്‍മ്മത്തിന്റെ അടിമകളായിത്തീരുന്നു.
ഭൂമിയില്‍ത്തന്നെ ആദ്യത്തെ കൊലപാതകം ബൈബിളില്‍ ദൃശ്യമാണ്. ആദാമിനും ഹവ്വായിക്കും യഹോവയില്‍ ലഭിച്ച പുത്രനായ കയീന്‍ തന്റെ അനുജനായ ഹാബേലിനെ കൊന്നതാണ് ആദ്യത്തെ സംഭവം. കയീന്‍ കൃഷിക്കാരനും ഹാബേല്‍ ആട്ടിടയനുമായിരുന്നു.
എന്നാല്‍ ദുഷ്ടഹൃദയത്തിന്റെ അടിമയായിത്തീര്‍ന്ന കയീന്‍ തന്റെ രക്ത ബന്ധത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ യഹോവ കയീനിനോട് കോപിക്കുകയുണ്ടായി. ജീവിതത്തില്‍ നന്മ ചെയ്യാത്ത ദുഷ്ടമനസാക്ഷിയുടെ ഉടമയായ കയീനിന് തന്റെ സ്വന്തം സഹോദരനെ കൊല്ലുവാന്‍ പ്രേരണയുണ്ടായത് ദൈവം ഹാബേലിന്റെ വഴിപാടില്‍ പ്രസാദിച്ചതുകൊണ്ടാണ്.
മാത്രമല്ല കയീന്റെ വഴിപാടില്‍ ദൈവം പ്രസാദിച്ചതുമില്ല. ഈ സംഭവത്തെത്തുടര്‍ന്ന് പാപവും വൈരാഗ്യബുദ്ധിയും ആക്രമണശീലവും കയീനില്‍ വ്യാപരിച്ചതുകൊണ്ടാണ് ഹാബേലിന്റെ വിലപ്പെട്ട ജീവന്‍ നഷ്ടമായത്.
മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത നല്ലൊരു ശതമാനം പേരും സമൂഹത്തിലുണ്ടെന്നാണ് ഇന്നത്തെ പല കൊലപാതകങ്ങളും നടക്കുന്നത് കാണുമ്പോള്‍ മനസ്സിലാകുന്നത്. കളിയാക്കല്‍ , മോഷണശ്രമം, സംശയം, അസൂയ, ധനപരമായ വിഷയങ്ങളെത്തുടര്‍ന്നുള്ള സംഭവങ്ങള്‍ , നിരാശ, പക എന്നിവയൊക്കെ ഇന്നത്തെ പല കൊലപാതകങ്ങള്‍ക്കും കാരണങ്ങളാണ്.
ഇന്നത്തെ ഒട്ടുമിക്ക കേസുകളും വഴിതിരിച്ചു വിടുകയോ എങ്ങുമെത്താതെ പോവുകയോ ചെയ്യുന്നതും, കൊലപാതകികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാത്തതുമൊക്കെ സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ ഇടവരുന്നു.
മോശെ മുഖാന്തിരം യിസ്രായേല്‍ മക്കള്‍ക്കു നല്‍കിയ 10 കല്‍പ്പനകളില്‍ കൊലപാതകം ചെയ്യരുതെന്ന് ദൈവം അരുളിച്ചെയ്യുന്നു. (പുറ. 20:13). പുതിയ നിയമത്തില്‍ വരുമ്പോള്‍ യേശു തന്നെ ഇതേ വാക്യം എടുത്തു പറയുന്നതായി കാണാം. കൊല ചെയ്യരുതെന്നും ആരെയെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും (മത്തായി 5:21) എന്നും യേശു അരുളിച്ചെയ്തു.
മാത്രമല്ല സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാരാ എന്നു പറഞ്ഞാലും ന്യായാധിപ സഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും എന്നും യേശു തുടര്‍ന്നു പറയുന്നു. യേശു നമ്മെ പഠിപ്പിച്ചത് എല്ലാവരേയും സ്നേഹിക്കുവാനാണ്.
ഭവനത്തിലും, സഭയിലും, ദൈവവേലയിലും സമൂഹത്തിലുമൊക്കെ നാം അന്യോന്യം സ്നേഹിക്കേണം. മറിച്ച് അക്രമവും കൊലപാതകവും നടത്തിയാല്‍ ന്യായവിധിയുണ്ടാകും. സഹോദരങ്ങളെ കാരണം കൂടാതെ വെറും നിസ്സാരന്മാരാക്കിയാലും കൊലപാതകത്തിനു തുല്യമാണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. കയീന്‍ കൊല ചെയ്തപ്പോള്‍ ദൈവം അവനെ കൊന്നില്ല.
പക്ഷേ അവനെ ശപിക്കുകയുണ്ടായി. അവന് ദൈവം കൂടുതല്‍ കഷ്ടപ്പാടുകള്‍ നല്‍കി. അവന്‍ അലഞ്ഞു നടക്കേണ്ടതായി വന്നു. കര്‍ത്താവിന്‍ പ്രിയ ദൈവജനമേ കര്‍ത്താവിന്റെ വാക്കുകള്‍ , അരുളപ്പാടുകള്‍ നമുക്ക് പൂര്‍ണ്ണമായി അനുസരിക്കാം. നാം മറ്റഉള്ളവരെ ഉപദ്രവിക്കരുത്. അവരെ സ്നേഹിക്കാം. അതാണ് ദൈവീക ഇഷ് ടം.ദൈവം അത് നമ്മില്‍നിന്ന് ആഗ്രഹിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.
Comments are closed.