ചൈന: തെരുവില്‍ സുവിശേഷം അറിയിച്ച 20 പേരെ അറസ്റ്റു ചെയ്തു
ബെയ്ജിംഗ്: ചൈനയില്‍ തെരുവോരങ്ങളില്‍ ബൈബിള്‍ വചന ബോര്‍ഡുകള്‍ ഉയര്‍ത്തി സുവിശേഷം പങ്കുവെച്ച 20 വിശ്വാസികളെ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തു.
ഒക്ടോബര്‍ 20ന് തെക്കന്‍ സിച്ച്വനിലെ ചെങ്ദു ഏര്‍ളി റയ്ന്‍ കവനന്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട തെരുവോര സുവിശേഷീകരണത്തില്‍ പങ്കെടുത്ത വിശ്വാസികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ പാതയോരങ്ങളില്‍ കര്‍ത്താവിന്റെ സുവിശേഷം പ്രസംഗിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ അധികാരികള്‍ ഇടപെട്ട് അറസ്റ്റു ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത വിശ്വാസികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോവുകയും പിന്നീട് എല്ലാവരേയും വിട്ടയയ്ക്കുകയുമായിരുന്നു. കര്‍ത്താവിനെ സാക്ഷീകരിപ്പാന്‍ വിശ്വാസികള്‍ കാണിച്ച ധീരമായ പ്രവര്‍ത്തനത്തെ സഭാ പാസ്റ്റര്‍ വാങ് യി അഭിനന്ദിച്ചു അവരെ ധൈര്യപ്പെടുത്തി. സഭയില്‍ നൂറോളം അംഗങ്ങളുണ്ട്.
വരും നാളുകളില്‍ സഭയ്ക്കുള്ളില്‍ ഒതുങ്ങാതെ പുറത്തു കര്‍ത്താവിനെ ഉയര്‍ത്തുവാന്‍ വിശ്വാസികള്‍ തീരുമാനിച്ചു. ചൈനയില്‍ പരസ്യമായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുണ്ട്. രാജ്യദ്രോഹ കുറ്റമായി പരിഗണിച്ച് കേസെടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ ചൈനയില്‍ വകുപ്പുണ്ട്. എന്നാല്‍ ഇതിനെ വകവെയ്ക്കാതെയാണ് വിശ്വാസികള്‍ ദൈവവചനവുമായി തെരുവോരങ്ങളിലേക്കിറങ്ങിയത്.

