യഹൂദ കൂട്ടക്കൊല, ഡൊണാള്‍ഡ് ട്രംപ് സിന്നഗോഗ് സന്ദര്‍ശിച്ചു

Breaking News Middle East USA

യഹൂദ കൂട്ടക്കൊല, ഡൊണാള്‍ഡ് ട്രംപ് സിന്നഗോഗ് സന്ദര്‍ശിച്ചു
പെന്‍സില്‍വാനിയ: യു.എസിലെ യഹൂദ സിന്നഗോഗില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ 11 മരണം. 3 പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്കു പരിക്കേറ്റു.

ഒക്ടോബര്‍ 27-ന് പ്രാദേശിക സമയം രാവിലെ പത്തിനു പെന്‍സില്‍വാനിയായിലെ പിറ്റ്സ് ബര്‍ഗിലെ സ്ക്വിറല്‍ ഹില്ലിലെ ദ ട്രീ ഓഫ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ സിന്നഗോഗിലാണ് ആക്രണണം നടന്നത്. ശനിയാഴ്ച പതിവുപോലെ ശബത്ത് ചടങ്ങു നടക്കുന്നതിനിടെ തോക്കുമായെത്തിയ റോബര്‍ട്ട് ബോഡേഴ്സ് (46) എന്നയാള്‍ യാതൊരു പ്രകോപനവുമില്ലാതെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.

ആക്രമണത്തെത്തുടര്‍ന്നു പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണ്ണായി സുരക്ഷാ സേന ഏറ്റെടുത്തു.
പിറ്റസ് ബര്‍ഗ് നഗരത്തിലെ യഹൂദരുടെ പ്രധാന കേന്ദ്രമാണ് സ്ക്വിറല്‍ ഹില്‍ പ്രദേശം. കൊലപാതകവും, ആരാധനാലയത്തിലെ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയതുമുള്‍പ്പെടെ 29 കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്.

വെടിവെയ്പില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരും മരിച്ചിരുന്നു. യഹൂദന്മാര്‍ മുഴുവനും മരിക്കണെന്ന് ആക്രോശിച്ചുകൊണ്ടാണ് റോബര്‍ട്ട് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇര്‍വിന്‍ യങ്ങര്‍ ‍, മെല്‍വിന്‍ വാക്സ്, റോസ് മല്ലിങ്ങര്‍ ‍, സെര്‍സിസ്, സില്‍വാന്‍ സൈമണ്‍ ‍, ജെറി റാബിനോവിറ്റ്സ്, ജോയ്സ് ഫീന്‍ബര്‍ഗ്ഗ്, റിച്ചാര്‍ഡ് ഗോട്ട് ഫ്രൈഡ്, ഡാനിയേല്‍ സെറ്റെയ്ന്‍, സിസില്‍ ഡേവിഡ് റോസന്തല്‍ എന്നിവരാണ് കൊല്ലപ്പെട്ടവര്‍. 54-നും 97-നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍ ‍.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണം നടന്ന സിന്നഗോഗ് ചൊവ്വാഴ്ച സന്ദര്‍ശിച്ചു. ഭാര്യ മെലാനിയയും ഒപ്പമുണ്ടായിരുന്നു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റവരേയും ആശ്വസിപ്പിച്ചു. മരിച്ചവര്‍ക്ക് ആദര സൂചകമായി മെഴുകുതിരികള്‍ കത്തിച്ചു. സിന്നഗോഗില്‍ സന്ദര്‍ശിക്കുമ്പോള്‍ യു.എസിലെ യിസ്രയേല്‍ അംബാസിഡര്‍ റോണ്‍ ഡെര്‍മര്‍ ‍, ട്രംപിന്റെ മകള്‍ ഇവങ്കാ ട്രംപ്, മരുമകന്‍ ജയേര്‍ഡ് കുഷ്ണര്‍ ‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനുചിന്‍ എന്നിവരും സന്നിഹിതരായിരുന്നു. സിന്നഗോഗിലെ റബ്ബിയുമായും സംസാരിച്ചു.

തുടര്‍ന്നു ട്രംപും കുടുംബാംഗങ്ങളും പീറ്റ്സബര്‍ഗ് മെഡിക്കല്‍ സെന്ററിലെ പ്രസ്ബിറ്റീരിയന്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ ട്രംപ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. യു.എസില്‍ യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും യഹൂദന്മാര്‍ ഇവിടത്തെ പൌരന്മാരാണെന്നും അക്രമികളെ നിലയ്ക്കു നിര്‍ത്തുമെന്നും, യഹൂദന്മാര്‍ക്കും, സിന്നഗോഗുകള്‍ക്കും സര്‍വ്വവിധ സംരക്ഷണവും പിന്തുണയുമുണ്ടെന്നും ആക്രമണത്തിനിരയായ കുടുംബാംഗങ്ങളെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.