കുഞ്ഞുങ്ങള്‍ക്ക് പൌഡര്‍ ഇടാമോ? ദോഷഫലങ്ങളെക്കുറിച്ച് ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്

Breaking News Health

കുഞ്ഞുങ്ങള്‍ക്ക് പൌഡര്‍ ഇടാമോ? ദോഷഫലങ്ങളെക്കുറിച്ച് ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്
കുഞ്ഞുങ്ങളെ പൌഡറിട്ടു അണിയിച്ചൊരുക്കി സുന്ദരന്മാരും സുന്ദരിമാരുമൊക്കെ ആക്കുന്നവര്‍ അതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് ഡോ. ജെ.എസ്. വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാക്കുന്നതിനു പ്രധാന കാരണം ഈ പൌഡര്‍ ഇടലാണെന്നും പൌഡറിലെ കുഞ്ഞുകുഞ്ഞു കണികകള്‍ കുഞ്ഞുങ്ങളുടെ ശ്വാസകോശ അറകളില്‍ കയറിയിരുന്നു വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ വിശദീകരിക്കുന്നു. പൌഡര്‍ ടിന്‍ കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ കൊടുക്കരുതെന്നും പറഞ്ഞു.

ഒന്നു മുതല്‍ അഞ്ചു മൈക്രോണ്‍ വരെ വലിപ്പമുള്ള കണികകള്‍ക്കു ശ്വാസകോശത്തെ പതുക്കെ പതുക്കെ പൂര്‍ണ്ണമായും നാശത്തിലേക്കു കൊണ്ടുപോകാന്‍ കഴിയും. ചെറിയ ചുമ, ശ്വാസം മുട്ടല്‍ എന്നിങ്ങനെയുള്ള ദീര്‍ഘനാളത്തെ ബുദ്ധിമുട്ടുകള്‍ക്കും ഇവ കാരണണായേക്കാം.

പൌഡര്‍ ടിന്‍ യാതൊരു കാരണവശാലും കുഞ്ഞുങ്ങള്‍ക്കു കളിക്കാന്‍ കൊടുക്കരുത്. ഇത് എങ്ങനെയാണെങ്കിലും മൂടി തുറന്നു കുഞ്ഞിന്റെ മുഖത്തേക്കു വീണാല്‍ അപകടം സംഭവിക്കാം. പെട്ടന്നുള്ള വെപ്രാളത്തില്‍ കുഞ്ഞ് വലിയ ശക്തിയോടെ ശ്വാസം ഉള്ളിലേക്കു എടുക്കാന്‍ ഇടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഈ കുഞ്ഞു കണികകള്‍ ശ്വാസകോശത്തിനുള്ളില്‍ എത്തി കുഞ്ഞു ശ്വാസ നാളികളെ ബ്ളോക്കു ചെയ്യുവാനിടയാകും.

അതുപോലെ തന്നെ കൊച്ചു കുട്ടികളെക്കൊണ്ട് കുഞ്ഞു കുട്ടികളെ പൌഡറിട്ട് ഒരുക്കാന്‍ അനുവദിക്കരുത്. ഇതും മുകളില്‍ സൂചിപ്പിച്ച അപകടം വരുത്തി വെച്ചേക്കാം. കുഞ്ഞ് കിടക്കുന്ന മുറിയില്‍ വച്ച് പൌഡര്‍ പാത്രം തുറക്കാതിരിക്കുക.

കുഞ്ഞ് കിടക്കുന്ന മുറിയില്‍വച്ച് പൌഡര്‍ പാത്രം തുറന്നിടുമ്പോള്‍ പൌഡറിന്റെ കുറെ കണികകള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാം. അത് മുഴുവന്‍ കുറച്ചു നേരത്തിനുള്ളില്‍ കുഞ്ഞ് വലിച്ചെടുക്കും. കുഞ്ഞുള്ള വീടുകളില്‍ ചന്ദനത്തിരി, സാബ്രാണിത്തിരി, കൊതുകുതിരി എന്നിവ കത്തിക്കുന്നത് ഇതുപോലെതന്നെ അപകടം ഉള്ള കാര്യങ്ങളാണ്.

മിക്ക ബേബി പൌഡറുകളുടെയും ടാല്‍ക്ക് സേഫ്റ്റിയക്കുറിച്ച് വായിക്കുകയാണെങ്കില്‍ ഹൈപ്പോഅലര്‍ജിക്ക് എന്നൊരു വാക്ക് കാണാന്‍ കഴിയും. അതായത് കുറഞ്ഞ രീതിയിലെ അലര്‍ജി ഉണ്ടാക്കു എന്ന്.

അലര്‍ജി ഉണ്ടാക്കില്ല എന്ന വാക്ക് തന്നിട്ടില്ല എന്നു സാരം. Kindly read about PULMONARY TALCOSIS and its variants.. അതുപോലെ കണ്‍മഷി ഉപയോഗിച്ചപ്പോള്‍ അലര്‍ജി ഉണ്ടായി. കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും നീരൊലിപ്പുമുണ്ടായി. പിന്നെ ചുമയും ശ്വാസം മുട്ടലും ഒക്കെ ഉണ്ടായ അനുഭവവും ഫേസ് ബുക്കില്‍ വിവരിക്കുന്നുണ്ട്.