അഗ്നിപര്‍വ്വതത്തിനുള്ളില്‍ ഒരു ക്രിസ്തീയ ദൈവാലയം
കാറ്റലോണിയ: അഗ്നിപര്‍വ്വതത്തിനുള്ളില്‍ ഒരു ക്രിസ്തീയ ദൈവാലയം. കേട്ടാല്‍ അത്ഭുതം തോന്നുന്നു അല്ലേ? സംഭവം ശരി തന്നെയാണ്.
സ്പെയിനിലെ കാറ്റലോണിയായിക്കടുത്തുള്ള ഗരോട്ടസ എന്ന ഗ്രാമത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഏകദേശം 11,500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടത്തെ ഭൂവല്‍ക്കത്തില്‍ ഒരു വലിയ വിള്ളല്‍ സംഭവിച്ചു. ആ വിള്ളലിലൂടെ കുഴമ്പു രൂപത്തിലുള്ള ലാവ പുറത്തേക്ക് പ്രവഹിച്ചു.
ഈ ലാവ അടിഞ്ഞുകൂടി ഇവിടത്തെ താഴ്വരയില്‍ 600 മീറ്റര്‍ ഉയരമുള്ള ഒരു മലതന്നെ രൂപംകൊണ്ടു. ഈ മലയുടെ മുകളിലായി വലിയൊരു കുഴിയും പ്രത്യക്ഷപ്പെട്ടു. നൂറുകണക്കിനു വര്‍ഷംകൊണ്ട് ഈ അഗ്നിപര്‍വ്വതം ചെടികളാലും വൃക്ഷങ്ങളാലും മൂടപ്പെട്ട് ഒരു നിത്യഹരിത വനമായി മാറി. ഈ മലയിലെ കുഴിക്കുള്ളില്‍ പച്ച പുതച്ച കൊടും കാടിനു നടുവിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
അഗ്നിപര്‍വ്വതത്തിനുള്ളിലുള്ള ലോകത്തിലെ ഏക പള്ളിയാണിത്. സാന്റ മാര്‍ഗരീത്ത എന്നാണ് ഈ പള്ളിയുടെ പേര്. പള്ളി സ്ഥിത ചെയ്യുന്ന അഗ്നിപര്‍വ്വതവും ഇതേ പേരില്‍ത്തന്നെയാണ് അറിയപ്പെടുന്നത്. ആരും എത്തപ്പെടാതിരുന്ന ഈ സ്ഥലത്ത് അഗ്നി പര്‍വ്വത പ്രദേശത്ത് ഈ പള്ളി ആരു പണിതെന്നോ എപ്പോള്‍ പണിതെന്നോ ആര്‍ക്കും അറിയില്ല.
1428-ല്‍ കാറ്റലോണിയയിലുണ്ടായ ഭൂകമ്പത്തില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനും 600 വര്‍ഷത്തിനു മുമ്പായിരിക്കും ഈ പള്ളി പണിതതെന്നാണ് ചരിത്ര കാരന്മാര്‍ വിശ്വസിക്കുന്നത്. 1865-ല്‍ പുതുക്കിപ്പണിത പള്ളിയാണ് ഇപ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്.
റോമന്‍ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ഈ പള്ളിയില്‍ ഇപ്പോള്‍ ശുശ്രൂഷകളൊന്നും നടക്കുന്നില്ല. ബാഴ്സിലോണയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയായിട്ടാണ് സാന്റാ മാര്‍ഗരീത്ത അഗ്നി പര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് മാത്രമായി ഏകദേശം 40 അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയൊന്നും ഇപ്പോള്‍ സജീവമല്ലതാനും.

