കാണ്ഡമല്‍ കലാപം: കൊല്ലപ്പെട്ട 14 ക്രൈസ്തവരുടെ വിധവമാര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി

Breaking News India

കാണ്ഡമല്‍ കലാപം: കൊല്ലപ്പെട്ട 14 ക്രൈസ്തവരുടെ വിധവമാര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി
ഭുവനേശ്വര്‍ ‍: 2008-ല്‍ ഒഡിഷയിലെ കാണ്ഡമല്‍ ജില്ലയില്‍ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ വിധവമാര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഒഡിഷ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.

10 വര്‍ഷം മുമ്പു നടന്ന ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണങ്ങളില്‍ 6,000 ത്തോളം ക്രൈസ്തവ കുടുംബങ്ങളെ അത് ബാധിക്കുകയുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനനു പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ ‍, ആരാധനാലയങ്ങള്‍ എന്നിവ തകര്‍ക്കുകയോ, അഗ്നിക്കിരയാക്കുകയോ ചെയ്തു.

ഹൈക്കോടതി ഉത്തരവു പ്രകാരം 153 മില്യണ്‍ രൂപ ക്രൈസ്തവര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കും. 2017 നവംബറില്‍ അലയന്‍സ് ഡിഫെന്റിംഗ് ഫ്രീഡം (എഡിഎഫ്) എന്ന സംഘടന ഫയല്‍ ചെയ്ത കേസിലാണ് വിധി ഉണ്ടായത്. കലാപത്തില്‍ കൊല്ലപ്പെട്വരുടെ വിധവമാര്‍ക്കുള്ള നഷ്ടപരിഹാരം കുറവായിരുന്നു.

അത് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എഡിഎഫ് ഡയറക്ടറും അഭിഭാഷകനുമായ തെഹ്മിന അറോറ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലപ്പെട്ട 39 ക്രൈസ്തവരില്‍ 14 പേരുടെ വിധവമാരുടെ നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാനായിരുന്നു പ്രത്യേക കോടതിയെ സമീപിച്ചത്. വീടു നഷ്ടപ്പെട്ട ക്രൈസ്തവരുടെ പുനരുദ്ധാരണം ഇപ്പോഴും വേണ്ട വിധത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് ആരോപണങ്ങളുണ്ട്.