ഇന്തോനേഷ്യയില്‍ പെന്തക്കോസ്തു ചര്‍ച്ച് ഉള്‍പ്പെടെ 3 ചര്‍ച്ചുകളില്‍ ചാവേര്‍ ആക്രമണം; 13 മരണം

Breaking News Global

ഇന്തോനേഷ്യയില്‍ പെന്തക്കോസ്തു ചര്‍ച്ച് ഉള്‍പ്പെടെ 3 ചര്‍ച്ചുകളില്‍ ചാവേര്‍ ആക്രമണം; 13 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പെന്തക്കോസ്തു ആരാധനാലയം ഉള്‍പ്പെടെ മൂന്നു ചര്‍ച്ചുകളില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 13 മരണം.

മെയ് 13-ന് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ഏഴു മുപ്പതിന് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സുരണ്ടയയിലെ ചര്‍ച്ചുകളിലാണ് ആക്രമണം നടന്നത്. ചാവേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സാന്താമരിയ റോമന്‍ കത്തോലിക്കാ പള്ളിയിലാണ് ആദ്യ ആക്രമണുണ്ടായത്.

ആദ്യത്തെ കുര്‍ബ്ബാന കഴിഞ്ഞ് രണ്ടാമത്തെ കുര്‍ബ്ബാന ആരംഭിക്കാനിരിക്കെ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയുടെ ഗേറ്റിലേക്ക് ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്. ഇവിടെ ചാവേറടക്കം 4 പേര്‍ കൊല്ലപ്പെട്ടു. ഐ.എസ്. ബന്ധമുള്ള ആളാണ് ചാവേറെന്നും അടുത്തയിടെ സിറിയയില്‍നിന്നും മടങ്ങിയ 500 ഓളം ഇന്തോനേഷ്യന്‍ കുടുബങ്ങളിലൊന്നിന്റെ ഗൃഹനാഥനാണ് ചാവേറെന്നും പോലീസ് പറഞ്ഞു.

പ്രാദേശിക തീവ്രവാദി ഗ്രൂപ്പായ ജമാ അല്‍ ഷാ റഉത് ദൌല (ജെഎഡി) യുമായി ബന്ധമുള്ളവരാണ് അക്രമികളെന്ന് ഈസ്റ്റ് ജാവ പോലീസ് വക്താവ് ഫ്രാന്‍സ് ബറ്റംഗ് മാന്‍ഗേര പറഞ്ഞു.

ഡിപ്പോനെഗോറോയിലെ ക്രിസ്ത്യന്‍ ചര്‍ച്ചിലായിരുന്നു രണ്ടാമത്തെ ആക്രമണം. അമ്മയും 9-ഉം, 12 ഉം വയസ്സുള്ള രണ്ടു പെണ്‍മക്കളായിരുന്നു ചാവേറായി എത്തിയത്. മൂന്നാമത്തെ ആക്രമണത്തിനു പിന്നില്‍ പതിനെട്ടും പതിനാറും വയസ്സുള്ള ആണ്‍ കുട്ടികളാണ് ഉള്ളത്.

സ്ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് ബൈക്കുമായി ഇരുവരും സെന്‍ട്രല്‍ നഗരത്തിലെ പെന്തക്കോസ്തു ചര്‍ച്ച് ആരാധനാ സ്ഥലത്തേക്കു ഓടിച്ചു കയറി സ്ഫോടനം നടത്തുകയായിരുന്നു. ഇന്തോനേഷ്യയില്‍ 26 കോടി ജനവിഭാഗങ്ങളില്‍ 9 ശതമാനം പേര്‍ മാത്രമാണ് ക്രൈസ്തവര്‍ ‍. ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ പതിവാണ്. നിരവധി വിശ്വാസികളും ശുശ്രൂഷകരും മുമ്പ് കൊല്ലപ്പെട്ടിട്ടുണ്ട്.