പഞ്ചാബി യുവാവിന്റെ ഭാരം 5 കിലോഗ്രാം മാത്രം; ദൈവത്തിന്റെ അവതാരമെന്ന് ഗ്രാമീണര്‍

Breaking News India

പഞ്ചാബി യുവാവിന്റെ ഭാരം 5 കിലോഗ്രാം മാത്രം; ദൈവത്തിന്റെ അവതാരമെന്ന് ഗ്രാമീണര്‍
അമൃത്സര്‍ ‍: പഞ്ചാബില്‍ ഒരു യുവാവ് ജീവിക്കുന്നു, ജനിച്ച് 6 മാസമായപ്പോഴുള്ള അതേ ഭാരവുമായി.

പിഞ്ചു കുഞ്ഞിനെപ്പോലെ ജീവിക്കുന്ന മാന്‍പ്രീത് സിംഗ് എന്ന 23 കാരനെ ആരാധിക്കാനായി ഗ്രാമീണര്‍ ദിനംതോറും വീട്ടില്‍ വരികയാണ്. ‘ദൈവത്തിന്റെ അവതാരമാണ്’ മാന്‍പ്രീത് എന്നാണ് ഗ്രാമീണരുടെ വിശ്വാസം. പഞ്ചാബിലെ മാന്‍സ സ്വദേശിയായ ജഗ്ദര്‍ സിംഗിന്റെയും മസീത് കൌറിന്റെയും മകനായ മാന്‍പ്രീതിന്റെ ഭാരം വെറും 5 കിലോഗ്രാം മാത്രം.

മാന്‍പ്രീതിനെ കണ്ടാല്‍ ഒരു കൈക്കുഞ്ഞാണ് എന്നേ പറയുകയുള്ളു. സ്വയമായി എഴുന്നേറ്റു നടക്കുവാനോ സംസാരിക്കുവാനോ കഴിയുന്നില്ല. ഈ യുവാവിനെ പഞ്ചാബികള്‍ ദൈവത്തിന്റെ അവതാരമെന്ന് പറഞ്ഞ് വീട്ടില്‍വന്നു മാന്‍പ്രീതിന്റെ മുമ്പില്‍ മുട്ടുമടക്കിയും തൊഴുതും ആരാധിക്കുകയാണ്. മാനസിക വളര്‍ച്ചപോലുമില്ലാത്ത മാന്‍പ്രീതിന് തന്നെ ആരാധിക്കുകയാണോ, സ്നേഹിക്കുകയാണോ എന്നുപോലും തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല.

12 വയസ്സു മുതലാണ് ഗ്രാമീണര്‍ക്ക് മാന്‍പ്രീതിനോട് ആരാധനാ കമ്പം തോന്നിത്തുടങ്ങിയത്. ജനിച്ച് 1 വര്‍ഷം പിന്നിട്ടായിരുന്നു മാന്‍പ്രീതില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. കുട്ടിയുടെ വളര്‍ച്ച നിന്നുപോയി. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ അപൂര്‍വ്വ ജനിതക രോഗമായ റോന്‍ സിന്‍ഡ്രോം ആണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. ഏതാനും വാക്കുകള്‍ മാത്രം ഉരുവിടാന്‍ മാത്രമുള്ള കഴിവേയുള്ളു മാന്‍പ്രീതിന്. ആംഗ്യഭാഷയിലൂടെയാണ് ആശയ വിനിമയം നടത്തുന്നത്.

കരയുവാനും ചിരിക്കുവാനും കഴിയും. മൃഗങ്ങളുടെയോ പക്ഷികളുടെയോ ശബ്ദം കേട്ടാല്‍ മാന്‍പ്രീത് പേടിച്ചു കരയുവാന്‍ തുടങ്ങും. മാന്‍പ്രീതിന്റെ സഹോദരന്‍ മംഗലദീപ്, സഹോദരി ജന്‍പ്രീത് എന്നിവര്‍ക്ക് ഈ ശാരീരിക വൈകല്യങ്ങളില്ല. അവര്‍ സാധാരണ രീതിയില്‍ മാനസികമായും ശാരീരികമായും വളര്‍ച്ച നേടിയവരാണ്.

മാന്‍പ്രീത് ഇപ്പോള്‍ താമസിക്കുന്നത് ഹിസാറിലെ അങ്കിളിന്റെ വീട്ടിലാണ്. എന്നാലും മാതാപിതാക്കളും സഹോദരങ്ങളും മാന്‍പ്രീതിനെ കാര്യമായി സംരക്ഷിക്കുന്നുണ്ട്. മനുഷ്യനായി പിറന്ന മാന്‍പ്രീതിനെ ദൈവത്തിന്റെ അവതാരമായി കണ്ട് ആരാധിക്കുന്ന അപരിഷ്കൃതരായ ജനങ്ങള്‍ ‍, ജീവിക്കുന്ന സത്യദൈവത്തെ കണ്ടുമുട്ടിയിരുന്നെങ്കില്‍ എത്ര പ്രയോജനപ്രദമായിരുന്നു. ജനത്തിന്റെ അജ്ഞത മാറ്റുവാന്‍ സര്‍വ്വശക്തനായ ദൈവം ഇടയാക്കട്ടെ.