മ്യാന്‍മറില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ നാടുവിട്ടു

Breaking News Middle East

മ്യാന്‍മറില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ നാടുവിട്ടു
കച്ചിന്‍ ‍: മ്യാന്‍മറില്‍ കച്ചിന്‍ പ്രവിശ്യയില്‍ ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ സൈന്യവും വിമത പോരാളികളും തമ്മില്‍ നടന്ന രൂക്ഷമായ പോരാട്ടത്തിനിടയില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

തെക്കന്‍ കച്ചിനിലെ മാന്‍സിയിലും താനായിലുമായി നടന്നുവരുന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നത്. കച്ചിന്‍ ഗോത്ര വംശീയരെ പിന്തുണയ്ക്കുന്ന വിമത വിഭാഗവും സര്‍ക്കാര്‍ സൈന്യവുമാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പരസ്പരം നടത്തുന്ന ആക്രമണങ്ങളില്‍ ആയിരങ്ങളാണ് നാടുവിട്ട് വനത്തില്‍ അഭയം തേടിയിരിക്കുന്നത്. സൈന്യം നടത്തിയ ഷെല്ലാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും പ്രദേശ വാസികളായ ക്രൈസ്തവര്‍ കൊല്ലപ്പെടുകയായിരുന്നു.

മ്യാന്‍മറിലെ പട്ടാള ഭരണത്തില്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്ന കച്ചിനിലെ പ്രാദേശികവാദികളുടെ പോരാട്ടമാണ് സംഘര്‍ഷം കുറിച്ചത്. ഇവിടെ നല്ലൊരു ശതമാനവും ക്രൈസ്തവരാണ്. വിവിധ ഗോത്രങ്ങളില്‍നിന്നും രക്ഷിക്കപ്പെട്ട് വിശ്വാസത്തില്‍വന്ന സാധാരക്കാരാണിവര്‍ ‍. കഴിഞ്ഞ ജനുവരി മാസത്തില്‍ ആരംഭിച്ച ആക്രമണങ്ങള്‍ ഏപ്രില്‍ മാസമായപ്പോഴേക്കും രൂക്ഷമായി.

നൂറുകണക്കിനാളുകള്‍ക്കു പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടക്കം ഏകദേശം 2000 ക്രൈസ്തവര്‍ വനമേഖലയില്‍ അഭയം തേടിയിരിക്കുകയാണെന്നും അവര്‍ക്ക് അടിയന്തിരമായി ഭക്ഷണവും കുടിവെള്ളവും വസ്ത്രങ്ങളും മരുന്നുകളും ആവശ്യമായിരിക്കുന്നുവെന്നും ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ റവ. മങ്ങ്ദാന്‍ പറഞ്ഞു.

കച്ചിന്‍ സംസ്ഥാനത്തിനു പിന്നാലെ കാരന്‍ സംസ്ഥാന ഗോത്രവിഭാഗങ്ങള്‍ സൈന്യത്തിനുനേരെ സായുധ വിപ്ളവം നയിക്കുകയാണ്. ഇവിടങ്ങളില്‍ പ്രദേശ വാസികളായ ക്രൈസ്തവരെ ചാരന്മാരെന്നു മുദ്രകുത്തി പീഢിപ്പിക്കുന്നതും പതിവാണ്.