തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി

Articles Breaking News Editorials

തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി
മാനസാന്തരത്തിന്റെ സുവിശേഷം കേള്‍ക്കുവാന്‍ ഇന്ന് പലര്‍ക്കും താല്‍പ്പര്യമില്ല. അതിനു പ്രധാന കാരണം തങ്ങളുടെ ജീവിത ശൈലിയും ശ്രേഷ്ഠ മഹിമകളും പാപപ്രവര്‍ത്തികളും ഉപേക്ഷിക്കുവാനുള്ള മടിയാണ്.

എന്നാല്‍ പലവിധ രോഗങ്ങളും മനുഷ്യനെ കാര്‍ന്നു തിന്നുന്ന കാലമായതിനാല്‍ തങ്ങളുടെ രോഗങ്ങള്‍ക്കു കാരണമാകുന്ന ക്രമവിരുദ്ധമായ ആഹാരശീലങ്ങള്‍ ‍, പുകവലി, മദ്യപാനം ഇവയൊക്കെ ഉപേക്ഷിക്കുവാന്‍ ബുദ്ധിയുള്ള ചിലരൊക്കെ തയ്യാറാകുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമാണിതിനു കാരണം.

അതുകൊണ്ടുതന്നെ ദുശ്ശീലങ്ങളെ ഉപേക്ഷിക്കുവാന്‍ നല്ലൊരു ശതമാനം പേര്‍ക്കും മനസ്സുണ്ട്. എന്നാല്‍ ആഡംബര ജീവിതവും ധനമോഹവുമൊക്കെ ഉപേക്ഷിക്കുവാന്‍ താല്‍പ്പര്യം കാട്ടുന്നില്ല. ഇവ രണ്ടും കൂടുതല്‍ കരുത്തോടെ ജീവിതത്തിന്റെ ഭാഗമാകുവാനുള്ള തീവ്രശ്രമമാണ് ബഹുഭൂരിപക്ഷത്തിനുമുള്ളത്.

എങ്ങനെയെങ്കിലും പണം സമ്പാദിക്കുക, ആഡംബര ജീവിതം നയിക്കുക ഇതൊക്കെ ഒരു സ്റ്റൈലായിക്കാണുന്ന സമൂഹമാണ് നമ്മുടേത്. പണവും, സമ്പത്തും മനുഷ്യന് അത്യാവശ്യ ഘടകങ്ങളാണ്. ഇവ രണ്ടും ഇല്ലെങ്കില്‍ നമുക്കു ജീവിക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ അത് നേടുവാനുള്ള തെറ്റായ മാര്‍ഗ്ഗവും കൈകാര്യം ചെയ്യുന്നതിലെ പിഴവുമാണ് ദൈവത്തിനു നിഷിദ്ധം.

ഇങ്ങനെയുള്ളവര്‍ക്ക് സത്യദൈവത്തോടു യാതൊരു ബഹുമാനവും ഭയവും ഉണ്ടായിരിക്കുകയില്ല. ദൈവം വ്യാജ മാര്‍ഗ്ഗത്തെ വെറുക്കുന്നവനാണ്. ആത്മീക അഭിവൃദ്ധിക്കൊപ്പം ഭൌതിക അഭിവൃദ്ധിയും ദൈവജനത്തിന്റെ അവകാശമാണ്. അബ്രഹാം മുതലുള്ള നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ എല്ലാം ഇതു പ്രാപിച്ചവരാണ്.

പുതിയനിയമത്തിലേക്കു വരുമ്പോള്‍ യേശു ഒരു ഉപമ നമ്മെ പഠിപ്പിക്കുന്നു. “സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം. ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനേക്കാള്‍ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം എന്നു പറഞ്ഞു” (ലൂക്കോ.18:24,25) ഒരു ധനവാനായ യുവാവിന് സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുവാനുള്ള തടസ്സത്തെക്കുറിച്ച് യേശു അഭിപ്രായപ്പെട്ടതിനുശേഷമാണ് ഈ വാക്യം ഉദ്ധരിച്ചത്.

യുവാവ് തന്റെ സമ്പത്തില്‍ മാത്രം ആശ്രയിച്ചതിനാല്‍ നിത്യജീവന്‍ പ്രാപിക്കുവാനുള്ള അവസരം ലഭിക്കില്ല എന്നു യേശു സൂചിപ്പിക്കുന്നു. കാരണം അവന്റെ ലക്ഷ്യം ധനസമ്പാദനം മാത്രമാണ്. ധനസുഖത്തില്‍ മാത്രം ലയിച്ചു ജീവിക്കുക എന്നതു മാത്രമാണ് അവന്‍ ആഗ്രഹിക്കുന്നത്. സാന്‍മാര്‍ഗ്ഗികമായ ചില കാര്യങ്ങള്‍ അവന്‍ വളരെ കൃത്യമായി അനുഷ്ഠിച്ചു പോരുന്നു.

എന്നാല്‍ ദൈവത്തെ വേണ്ട വിധത്തില്‍ അവന്‍ ആശ്രയിക്കുന്നില്ല എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥയില്‍ ദൈവം അവനെ എങ്ങനെ രക്ഷിക്കും എന്നുള്ള സന്ദേശമാണ് ഇവിടെ കാണുന്നത്. സൂചിക്കുഴ എന്നുദ്ദേശിക്കുന്നത് അന്നത്തെ പ്രധാന കവാടത്തിനരുകില്‍ ഉണ്ടായിരുന്ന ഒരു ചെറിയ വാതില്‍ ആയിരുന്നു.

മുട്ടിന്മേല്‍ ഇഴഞ്ഞ് അതിലൂടെ ഒരു ഒട്ടകത്തിന് വളരെ ബുദ്ധിമുട്ടി പ്രവേശിക്കണമായിരുന്നു. ഈ അനുഭവം തന്നെയാണ് ദൈവത്തെ വേണ്ടിവിധത്തില്‍ ആശ്രയിക്കാത്തവരായ ധനികര്‍ക്കുള്ള അനുഭവം. ഇന്നു ആത്മീകരെന്നും, ദൈവമക്കളെന്നും അഭിമാനിക്കുന്ന പലര്‍ക്കും എങ്ങനെയെങ്കിലും പണം സമ്പാദിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. തെറ്റായ മാര്‍ഗ്ഗത്തിലൂടെയും അല്ലാതെയും ധനം സമ്പാദിക്കാനുള്ള ശ്രമത്തിനിടയില്‍ ദൈവീക ദര്‍ശനം, വിശ്വാസം, പ്രത്യാശ, സഹോദരസ്നേഹം, സുവിശേഷത്തെക്കുറിച്ചുള്ള ആത്മഭാരം ഇവയെക്കുറിച്ചുള്ള ശ്രദ്ധ നഷ്ടപ്പെടുന്നു.

ഇങ്ങനെയുള്ളവര്‍ എങ്ങനെയാണ് നിത്യത അവകാശമാക്കുന്നത്?. പ്രിയരെ നമ്മുടെ മനോഭാവം മാറണം. നാം ശരിയായ നിലയില്‍ മാനസാന്തരപ്പെടണം. അനുതപിക്കണം. ധനവും, മാനവും, പുരാതനസമ്പത്തും ദൈവീക അനുഗ്രഹങ്ങളാണ്. അത് ശരിയായ രീതിയില്‍ മാത്രം നാം പ്രാപിക്കുക.
പാസ്റ്റര്‍ ഷാജി. എസ്.