പാമ്പുകളില്ലാത്ത രാജ്യം അയര്‍ലന്റ്; നിഗൂഢത വെളിപ്പെടുത്തി ശാസ്ത്രലോകം

Breaking News Europe

പാമ്പുകളില്ലാത്ത രാജ്യം അയര്‍ലന്റ്; നിഗൂഢത വെളിപ്പെടുത്തി ശാസ്ത്രലോകം
ഡബ്ളിന്‍ ‍: ലോകത്ത് പാമ്പുകളില്ലാത്ത പ്രദേശമെന്ന വിശേഷണത്തിനു വിധേയമായ രാജ്യമാണ് അയര്‍ലന്റ്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ അയര്‍ലന്റിനെക്കുറിച്ച് മുമ്പു പല വിവരങ്ങളും പ്രചരിച്ചിരുന്നു.

ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും മിക്ക കോണുകളിലും വിവിധ തരം പാമ്പുകള്‍ കാണപ്പെടുമ്പോള്‍ അയര്‍ലന്റില്‍ മാത്രം എന്തുകൊണ്ട് പാമ്പിനെ കാണുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോള്‍ ശാസ്ത്രലോകം ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

പാട്രിക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലന്റില്‍നിന്നും ആട്ടിയോടിച്ചു സമുദ്രത്തിലേക്കു പായിച്ചു എന്നതുള്‍പ്പെടെയുള്ള നിരവധി കിംവദന്തികളാണ് ഇവിടെ പ്രചരിച്ചു വന്നിരുന്നത്. എന്നാല്‍ അയര്‍ലന്റിലെ പാമ്പുകള്‍ എങ്ങും പോയി മറഞ്ഞതല്ല. ഇതുവരെ ആ രാജ്യത്ത് പാമ്പുകളുണ്ടായിട്ടുവേണ്ടെ ഓടിയൊളിക്കാനെന്ന് ഗവേഷകര്‍ പറയുന്നു.

അതായത് ഓകദേശം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍ ‍. ആ സമയത്ത് ഗ്വോണ്ടോലാന്റ് എന്ന് ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം അയര്‍ലന്റ് ഈ വന്‍കരയുടെ ഭാഗമായിരുന്നില്ല. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം സമുദ്രത്തിനടിയില്‍നിന്നാണ് അയര്‍ലന്റ് രൂപം പ്രാപിച്ചു വന്നത്.

അയര്‍ലന്റു ഉയര്‍ന്നു വന്നപ്പോള്‍ മഞ്ഞുമൂടിയ പ്രദേശമായിരുന്നു അത്. മഞ്ഞഉപാളികള്‍ വഴി ബ്രിട്ടനുമായി അയര്‍ലന്റ് ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞ് പാമ്പിനെ അകറ്റിനിര്‍ത്തി. തുടര്‍ന്നു 15000 വര്‍ഷങ്ങള്‍ക്കുശേഷമാണ് അയര്‍ലന്റില്‍നിന്നും മഞ്ഞു പൂര്‍ണ്ണമായി ഇല്ലാതായിത്തീര്‍ന്നത്.

എന്നാല്‍ ഈ പ്രതിഭാസത്തിനിടയില്‍ ബ്രിട്ടനും അയര്‍ലന്റിനുമിടയില്‍ 12 മൈല്‍ ദുരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തതോടെ പാമ്പുകള്‍ക്ക് കടന്നു കയറാനുള്ള സാഹചര്യം ഇല്ലാതാകുകയായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍ ‍.

അയര്‍ലന്റിനേപ്പോലെ പാമ്പുകള്‍ ഇല്ലാത്ത രാജ്യമാണ് ഐസ് ലാന്റ്, ന്യൂസിലാന്റ്, ഗ്രീന്‍ലാന്റ് എന്നീ രാജ്യങ്ങള്‍ ‍. ആന്റാര്‍ട്ടിക്കയിലും പാമ്പുകളില്ല.