യെരുശലേമില്‍ ദൈവാലയ കാലത്തെ ശ്മശാന ഗുഹ കണ്ടെത്തി
യെരുശലേം: കിഴക്കന്‍ യെരുശലേമിലെ സില്‍വാന്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന അതിര്‍ത്തി പോലീസ് ഉദ്യോഗസ്ഥര്‍ ഒരു കെട്ടിടത്തിനടിയില്‍ ഒരു പുരാതന ശ്മശാന ഗുഹ കണ്ടെത്തിയതായി യിസ്രായേല്‍ പോലീസ് അറിയിച്ചു.
സില്‍വാനില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വാരാന്ത്യത്തില്‍ നടന്ന അക്രമാസക്തമായ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാ പോലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് പുരാതന ഗുഹ ശ്രദ്ധയില്‍പ്പെട്ടത്.
പോലീസ് യിസ്രായേല്‍ പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, ശ്മശാനങ്ങള്‍ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലാണ്‍ എന്നാണ്.
അതായത് ബിസി 516-നും എഡി 70-നും ഇടയിലുള്ള കാലഘട്ടത്തിലേതാണ് എന്നാണ് മനസ്സിലാക്കാന്‍ കവിയുന്നത്. ഗുഹയ്ക്കുള്ളില്‍നിന്നും മറ്റു പുരാവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
ഗുഹയില്‍നിന്നും കണ്ടെത്തിയ പുരാവസ്തുക്കള്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തിയിട്ടില്ല.
കാരണം സ്ഥലം സര്‍വ്വേ ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കൂടുതല്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നും പുരാവസ്തു വകുപ്പ് അധികൃതര്‍ പറയുന്നു.

