അമേരിക്കൻ താവളങ്ങൾക്ക് അടുത്തുനിന്ന് മാറിനിൽക്കുക”; പശ്ചിമേഷ്യൻ ജനതയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്.
അമേരിക്കൻ സൈനിക താവളങ്ങൾക്കും സന്നാഹങ്ങൾക്കും സമീപം താമസിക്കുന്ന സാധാരണക്കാർ അടിയന്തരമായി ആ പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) മുന്നറിയിപ്പ് നൽകി.
“ശത്രുക്കളെ എവിടെ കണ്ടാലും അവരെ ഇല്ലാതാക്കുക എന്നത് ഞങ്ങളുടെ കടമയാണ്.
അതിനാൽ അമേരിക്കൻ സൈനികർ തമ്പടിച്ചിരിക്കുന്ന ഇടങ്ങളിൽ നിന്ന് നിങ്ങൾ ദൂരേക്ക് മാറണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു,” എന്ന് ഐആർജിസി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ സെപാ ന്യൂസിലൂടെ (Sepah News) വ്യക്തമാക്കി.
അമേരിക്കൻ-ഇസ്രായേൽ സൈന്യം സാധാരണക്കാരായ ജനങ്ങളെയും ജനവാസ മേഖലകളെയും തങ്ങളുടെ സുരക്ഷയ്ക്കായി ‘മനുഷ്യ കവചമായി’ (Human Shields) ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു.
ജനങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാനാണ് തങ്ങൾ ഇത്തരമൊരു മുൻകരുതൽ നിർദ്ദേശം നൽകുന്നതെന്നും ഇറാൻ വ്യക്തമാക്കി. മേഖലയിലെ അമേരിക്കൻ-ഇസ്രായേൽ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐആർജിസി ആവർത്തിച്ചു.
സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാാനുള്ള പുതിയ ആഹ്വാനം വരുന്നത്.

