സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു
ഓസ്ട്രേലിയായില്‍ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ കഴിഞ്ഞ ഞായറാഴ്ച യഹൂദരുടെ ഹനുക്ക ആഘോഷങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തിനിടെ പ്രതികളിലൊരാളായ അക്രമിയെ ബലമായി ഒറ്റയ്ക്കു കീഴ്പ്പെടുത്തിയ സിറിയന്‍ വംശജനായ ഓസ്ട്രേലിയന്‍ പൌരനും മുസ്ളീമുമായ അഹമ്മദ് അല്‍ അഹമ്മദിനായി ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും യഹൂദ ദാതാക്കള്‍ സഹായത്തിനായി ഒന്നിച്ച് അണിനിരന്നു.
43 കാരനായ അഹമ്മദ് വെടിവച്ചവരില്‍ ഒരാളുടെ പിന്നില്‍നിന്നു ധൈര്യത്തോടെ റൈഫിള്‍ പിടിച്ചു വാങ്ങാനായി പോരാടുന്നതിന്റെ വീഡിയോ ലോകം മുഴുവന്‍ വൈറലായി. അഹമ്മദിന്റെ ധീരമായ പ്രവര്‍ത്തി അനേകരുടെ ജീവന് രക്ഷിക്കാന്‍ കാരണമായി എന്നു പോലീസ് പറഞ്ഞു. അക്രമിയുമായുള്ള പോരാട്ടത്തില്‍ അഹമ്മദിന്റെ കൈയ്യിലും കാലിലും വെടിയേറ്റിരുന്നു.
ആശുപത്രിയില്‍ ശസ്ത്രക്രീയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ്. എങ്കിലും 6 മാസം വരെ വിശ്രമം എടുക്കണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
അഹമ്മദിന്റെ ധീരമായ പ്രവര്‍ത്തിയില്‍ ഓസ്ട്രേലിയന്‍ ഭരണകൂടവും യിസ്രായേല്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളും അദ്ദേഹത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തെ ഒരു മുസ്ളീം ഹീറോയായി വാഴ്ത്തുകയും ചെയ്തു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലെ ഒരു സൂപ്പര്‍ താരമായി ഈ മനുഷ്യ സ്നേഹി ഇടം പിടിച്ചു. ഇതേത്തുടര്‍ന്ന് വിവിധയിടങ്ങളില്‍നിന്നും യഹൂദര്‍ ധനസഹായത്തിനായി കൈകോര്‍ത്തു, ഒരു ക്രൌണ്ട് ഫണ്ടിംഗ് കാമ്പെയ്ന് ആരംഭിച്ചു.
ആദ്യ മണിക്കൂറില്‍ത്തന്നെ ഏകദേശം 2,13,000 യു.എസ് ഡോളര്‍ (1.4 മില്യണ്‍ ഡോളര്‍) സമാഹരിച്ചു കഴിഞ്ഞു. ഇതില്‍ ഏറ്റവും വലിയ ദാതാക്കളില്‍ ഒരാളായ യഹൂദ ഹെഡ്ജ് ഫണ്ട് മാനേജര്‍ ബില്‍ അക്മാന്‍ എയു ഡോളര്‍ 999,999 സംഭാവന ചെയ്തു.
രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ പിതാവായ അഹമ്മദിനെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വെടിവെയ്പില്‍ 16 പേര് കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

