മൊസാംബിക്കില്‍ 30-ലധികം ക്രൈസ്തവരുടെ കഴുത്തറത്തു, നൂറോളം വീടുകള്‍ കത്തിച്ചു
മൊസാംബിക്കില്‍ ക്രൈസ്തവര്‍ ക്രൂരമായി അറുകൊല ചെയ്യപ്പെടുന്നത് തുടരുന്നു. സമീപ ദിവസങ്ങളില്‍ വടക്കന്‍ മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ, നമ്പുല പ്രവശ്യകളിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ്എംപി എന്ന തീവ്രവാദി സംഘടന ഏറ്റെടുത്തു.
കാബോയിലെ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന ഒരു ഫോട്ടോ സെറ്റും തീവ്രവാദി സംഘടന പുറത്തിറക്കി. അതില്‍ പ്രവര്‍ത്തകര്‍ നാട്ടുകാരായ ക്രൈസ്തവരുടെ തലയറുത്ത് കൊല്ലുന്നതും പ്രദേശത്തെ വീടുകള്‍ക്കും ചര്‍ച്ചുകള്‍ക്കും തീയിടുന്നതും കാണിക്കുന്നുണ്ട്.
സെപ്റ്റംബര്‍ 25-നു പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ കാബോയിലെ ചിയുറെ വെല്‍ഹോയില്‍ രണ്ട് ക്രിസ്ത്യാനികളെ പിടികൂടി പിന്നീട് തലയറുത്തു കൊന്നതായി ഐഎസ്എംപി അവകാശപ്പെട്ടു.
സെപ്റ്റംബര്‍ 28-ലെ ഒരു പ്രസ്താവനയില്‍ മോണ്ടേപ്യൂസ് ജില്ലയിലെ നബാദിന് ഗ്രാമത്തില്‍ സെപ്റ്റംബര്‍ 23-ന് ഒരു ക്രിസ്ത്യാനിയുടെ വീട് തീയിടുന്ന ചിത്രവും പുറത്തുവിട്ടു.
സെപ്റ്റംബര്‍ 26-ന് നകോച്ച ഗ്രാമത്തില്‍ ഒരു ക്രിസ്ത്യാനിയെ വെടിവച്ച് കൊല്ലുകയും രണ്ട് ചര്‍ച്ചുകള്‍ കത്തിക്കുകയും അതേ ദിവസം ചിയുറെയിലെ നകുസ്സു ഗ്രാമത്തില്‍ രണ്ടു ചര്‍ച്ചുകളും അഗ്നിക്കിരയാക്കി.
സെപ്റ്റംബര്‍ 29-ന് കാബോയിലെ മഹിപാ ഗ്രാമത്തില്‍ 23 വീടുകളും ഒരു ചര്‍ച്ചും കത്തിച്ചു. സെപ്റ്റെബര്‍ 28-ന് മകോവായ ടൌണില്‍ നാല് ക്രിസ്ത്യാനികളെ കൊലപ്പെടുത്തി അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു സുരക്ഷിതമായി അവരുടെ താവളത്തിലേക്കു പോയതായും പറയുന്നു.
സെപ്റ്റംബര്‍ 30-ന് നമ്പുല പ്രവിശ്യയിലെ നകിയോട്ടോ ഗ്രാമത്തില്‍ 100-ലധികം ക്രിസ്ത്യന്‍ വീടുകള്‍ കത്തിച്ചു. സെപ്റ്റംബര്‍ 30-ന് 20 ഫോട്ടോകള്‍ പുറത്തുവിട്ടു.
ഇതില്‍ നാട്ടുകാരെ ശിരച്ഛേദം ചെയ്യുന്നതും ചിലരെ ബന്ദിച്ച് അടുത്തുനിന്നു വെടിവെച്ചു കൊല്ലുന്നതും വീടുകളും ചര്‍ച്ചുകളും തീയിട്ടു നശിപ്പിക്കുന്നതും കാണിക്കുന്നു.

