എഐ 99 ശതമാനം തൊഴിലും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്
ലോകം നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനത്തിലേക്ക് കടന്നതോടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും ക്ഷാമമില്ല. തൊഴില്‍ മേഖലയിലെ നിര്‍മ്മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ വ്യാപനം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ടെക് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
2030-ഓടെ എഐ 99 ശതമാനം തൊഴിലവസരങ്ങളും ഇല്ലാതാക്കുമെന്ന് യു.എസിലെ ലുയ്വില്‍ സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറും എഐ സുരക്ഷാ വിദഗ്ദ്ധനുമായ റോമന്‍ യാം പോള്‍സ്കി പറഞ്ഞു.
മനുഷ്യരെപ്പോലെ ചിന്തിച്ചു പെരുമാറാനും ശേഷിയുള്ള നിര്‍മ്മിത സാമാന്യ ബുദ്ധി (എജിഐ) 2027-ഓടെ സജ്ജമാകും. എജിഐയുടെ വരവിനു പിന്നാലെ മൂന്നു വര്‍ഷത്തിനുള്ളില്‍ തൊഴില്‍ വിപണി തകരും.
മനുഷ്യരെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നതോടെ തൊഴിലിടങ്ങളില്‍ മനുഷ്യ വിഭവശേഷിയുടെ ആവശ്യകത കുത്തനെ കുറയുമെന്നും യാം പോള്‍സ്കി പറയുന്നു.
10 ശതമാനം തൊഴിലില്ലായ്മയെക്കുറിച്ചല്ല 99 ശതമാനത്തെക്കുറിച്ചാണ് നമ്മള് സംസാരിക്കുന്നത്. 20 ഡോളര്‍ വരിസംഖ്യ നല്കിയാല് ഒരു എഐ മോഡലില്‍ നിന്നു തൊഴിലാളിക്ക് സമമായി സേവനം ലഭ്യമാകുമെങ്കില്‍ തൊഴില്‍ ദാതാവ് ആ മാര്‍ഗ്ഗമാകും തിരഞ്ഞെടുക്കുക.
ആദ്യ ഘട്ടങ്ങളില്‍ ഓഫീസ് കമ്പ്യൂട്ടറുകള്‍ സ്വയം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലേക്കു വരും. ക്രമേണ ഇതര ജോലികളും എഐ കയ്യടക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ് പോഡ്കാസ്റ്റായ ദ ഡയറി ഓഫ് എസിഇഒ വില്‍ സംസാരിക്കവെയാണ് യാം പോള്‍സ്കിയുടെ പരാമര്‍ശം. നേരത്തെയും ചിലര്‍ സമാന അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു.

