മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തല്‍
ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും അമിതമായ ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ദേശീയ ബാലാവകാശ കമ്മീഷന് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .
അയ്യായിരത്തോളം കുട്ടികളിലാണ് സര്‍വ്വേ നടത്തിയത്. പഠനമനുസരിച്ച് 23.80 ശതമാനം കുട്ടികളും ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. പ്രായത്തിനനുസരിച്ച് ഉപയോഗം വര്‍ദ്ധിക്കുന്നു. അത് കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതായാണ് പഠനത്തില്‍ തെളിഞ്ഞത്.
ആവശ്യമില്ലാത്ത സമയങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ദോഷകരമായി ബാധിക്കും. കുട്ടികളിലെ ഏകാഗ്രതയുടെ തോത് കുറയുന്നതാണ് അത്തരത്തിലുള്ള ഒരു ആഘാതം.
പഠന പ്രകാരം 37.15 ശതമാനം കുട്ടികളില്‍ എപ്പോഴും അല്ലെങ്കില്‍ ഇടയ്ക്കിടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണം ഏകാഗ്രതയില്‍ കുറവ് വരുന്നു. കുട്ടികളെ കളികളിലും കായിക വിനോദങ്ങളിലും ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് ഇതിനു പരിഹാരമായി ബാലാവകാശ കമ്മീഷന് ശുപാര്‍ശ ചെയ്യുന്നത്.

