മണിക്കൂറുകള്‍ക്കുള്ളില്‍ കടലില്‍ അലിഞ്ഞ് ഇല്ലാതാകുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച ഗവേഷകര്‍
ഇന്ന് ലോകത്ത് മുനുഷ്യന് ഏറെ ഉപകാരപ്രദവും എന്നാല്‍ ഏറ്റവും അപകടകാരിയുമായ ഒരു ഉല്‍പ്പന്നമാണ് പ്ളാസ്റ്റിക്. പ്ളാസ്റ്റിക് ഒഴിവാക്കി നമുക്ക് മുന്നോട്ടു പോകുവാന്‍ കഴിയാത്ത ഒരു അവസ്ഥ. ഉപയോഗശൂന്യമായ പ്ളാസ്റ്റിക്കുകള്‍ എങ്ങനെ ഇല്ലാതാക്കണം എന്നുള്ള ഗവേഷണത്തിലായിരുന്നു വര്‍ഷങ്ങളായി ശാസ്ത്രലോകം.
എന്നാല്‍ ഇതാ പരിഹാരം കണ്ടെത്തിയിരിക്കുന്നു. പ്ളാസ്റ്റിക് മാലിന്യം ഉയര്‍ത്തുന്ന ഭീഷണികളെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വിപ്ളവകരമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു സംഘം ജപ്പാന്‍ ഗവേഷകര്‍. മണിക്കൂറുകള്‍ക്കുള്ളില്‍ കടല്‍വെള്ളത്തില്‍ ലയിച്ചു ചേരുന്ന പ്ളാസ്റ്റിക്കാണിത്.
റികെന്‍ സെന്റര്‍ ഫോര്‍ എമര്‍ജെന്റ് മാറ്റര്‍ സയന്‍സ്, ടോക്കിയോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
തങ്ങള്‍ വികസിപ്പിച്ചെടുത്ത പ്ളാസ്റ്റിക് വളരെ വേഗത്തില്‍ വിഘടിക്കുകയും അവശിഷ്ടങ്ങള്‍ ശേഷിക്കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. ഉപ്പു ജലം നിറച്ച കണ്ടേയ്നറുകളില്‍ ഇറക്കിവച്ച പ്ളാസ്റ്റിക്കുകള്‍ ഒരു മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമായി.
പ്ളാസ്റ്റിക്കിനെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റി ഗവേഷകര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പുതിയ പ്ളാസ്റ്റിക്കിനോട് താല്‍പ്പര്യം പ്രകടിപ്പിച്ച് നിരവധി പേര്‍ സമീപിച്ചിരിക്കുകയാണ്. പുതിയ പ്ളാസ്റ്റിക് പെട്രോളിയം അധിഷ്ഠിത പ്ളാസ്റ്റിക്കുകള്‍ പോലെ ശക്തമാണ്.
ഉപ്പുമായി സമ്പര്‍ക്കമുണ്ടായാല്‍ ഘടകങ്ങളായി വിഘടിക്കും. പ്രകൃതിദത്ത ബാക്ടീരിയകള്‍ക്ക് ഇവയില്‍ പ്രവര്‍ത്തിക്കാനാകും.
ജലജീവികളെ ദോഷകരമായി ബാധിക്കുന്ന മൈക്രോപ്ളാസ്റ്റിക് ഉണ്ടാക്കുന്നത് ഇതിലൂടെ ഒഴിവാക്കാം. വിഷരഹിതം, തീപിടിക്കില്ല, കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടില്ല സാധാരണ പ്ളാസ്റ്റിക് ആവരണങ്ങളേപ്പോലെ ഉപയോഗിക്കാന്‍ കഴിയുമത്രെ.

