ഇന്ത്യയിലുടനീളം 18 കോടി ഡിഎന്‍എ വകഭേദങ്ങള്‍ കണ്ടെത്തി ഗവേഷകര്‍
ന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളമുള്ള വൈവിദ്ധ്യമാര്‍ന്ന ജനസംഖ്യയില്‍ നിന്നുള്ള ഏകദേശം 10,000 ജീനോമുകള്‍ മാപ്പ് ചെയ്യുന്ന ഗവേഷണത്തില്‍ ഡിഎന്‍എയില്‍ 180 ദശലക്ഷത്തിലധികം (18 കോടി) സവിശേഷ വകഭേദങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ജീന്‍ അധിഷ്ഠിതമാക്കിയുള്ള വ്യക്തിഗത ചികിത്സാ ഔഷധങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നിടുകയാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ആഗോള ജീനോം പഠനങ്ങളില്‍ ഇതുവരെ വളരെ വിരളമായ, ഇന്ത്യയിലുടനീളമുള്ള 83 ജനസംഖ്യാ ഗ്രൂപ്പുകളിലെ സമ്പന്നമായ ജനിതക വൈവിദ്ധ്യമുള്‍ക്കൊള്ളുന്ന ഡാറ്റാബേസ് നിര്‍മ്മിച്ചതായി ശാസ്ത്രജ്ഞര്‍ അവരുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള ഒരു പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ വ്യക്തിയുടെയും 30-ലധികം ആരോഗ്യ സൂചകങ്ങള്‍ ഈ ഡാറ്റാബേസില്‍ ഉള്‍പ്പെടുന്നു. 9,772 വ്യക്തികളില്‍നിന്നുള്ള ജീനോം ഡാറ്റായ്ക്കൊപ്പം ഭാരം, ഉയരം, രക്തസമ്മര്‍ദ്ദം മുതല്‍ രക്തത്തിലെ പഞ്ചസാര, ലിപിഡ് അളവ്, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം എന്നിവയുടെ പരിശോധനകള്‍ വരെ ഇതില്‍ ഉള്‍പ്പെടും.
നമ്മുടെ ജീനോമുകള്‍ ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒന്നിലവധികം അന്വേഷണങ്ങളുടെ അടിത്തറയും ഒരു പ്രാരംഭ പോയിന്റുമാണ് ഈ ഡാറ്റാബേസ് എന്ന് കല്യാണിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ജീനോമിക്സിലെ ശാസ്ത്രജ്ഞയും നേച്ചര്‍ ജനറ്റിക്സ് ജേണലിലെ റിപ്പോര്‍ട്ടിന്റെ ആദ്യ രചയിതാവുമായ ചന്ദ്രിക ഭട്ടാചാര്യ പറഞ്ഞു.
180 ദശലക്ഷം ഡിഎന്‍എ വകഭേദങ്ങളില്‍ 65 ശതമാനവും വളരെ അപൂര്‍വ്വമോ ഇന്ത്യയിലെ ജനസംഖ്യാ ഗ്രൂപ്പുകള്‍ക്ക് മാത്രമുള്ളതോ ആണെന്നാണ് ഡാറ്റായുടെ പ്രാഥമിക വിശകലനം സൂചിപ്പിക്കുന്നത്.
മൊത്തത്തിലുള്ള സാമ്പിളിന്റെ 0.1 ശതമാനത്തില്‍ താഴെ ആളുകളില്‍ മാത്രമേ അവ കാണപ്പെടുന്നുള്ളഉവെന്ന് ഭട്ടാചാര്യ പറഞ്ഞു.

