സിറിയയില്‍നിന്നും ക്രിസ്ത്യാനികളെ തുടച്ചു നീക്കുമെന്ന് ഭീഷണി: ഭീതിയോടെ വിശ്വാസികള്‍
മാര്‍ച്ച് മാസം ആദ്യം സിറിയയില്‍ നടന്ന അതിക്രമങ്ങളില്‍ 1300 ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ പ്രസിഡന്റിന്റെ അനുയായികള്‍ ഉള്‍പ്പെടെയുള്ളവരും സാധാരണക്കാരുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
ഇതില്‍ നല്ലൊരു ശതമാനം പേര്‍ ക്രൈസ്തവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സിറിയയിലെ ക്രിസ്ത്യന്‍ സമൂഹം ഭാവിയെക്കുറിച്ച് ഭയത്തിലാണ്. പട്ടിണി ഒരു ആയുധമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ക്രിസ്ത്യന്‍ തൊഴിലാളികള്‍ക്ക് ശമ്പളം നിഷേധിക്കപ്പെടുന്നുവെന്നും ഒരു വാച്ച് ഡോഗ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ ഭരണാധികാരി അസദിന്റെ വിശ്വസ്തരും എതിരാളികളും തമ്മിലുള്ള പോരാട്ടത്തില്‍ ക്രിസ്ത്യാനികള്‍ പ്രധാന ലക്ഷ്യങ്ങളല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെങ്കിലും പലരും ആക്രമിക്കപ്പെട്ട സമൂഹങ്ങളില്‍ ഉള്‍പ്പെടുന്നവരാണുതാനും.
പല ക്രൈസ്തവരും തീവ്രമായ വിവേചനം നേരിടുന്നു. ഈ മേഖലയിലെ നിരവധി ക്രിസ്ത്യാനികളുടെ സ്ഥിതി ഇതിനകം തന്നെ വിനാശകരമാണ്.
ക്രിസ്ത്യാനികളുടെ വേതനം വെട്ടിക്കുറച്ചതായി പീഢന നിരീക്ഷക സംഘടനയായ ഗ്ളാബല്‍ ക്രിസ്ത്യന്‍ റിലീഫിന്റെ സിഇഒ ബ്രയാന്‍ ഓര്‍ട്ട് പറഞ്ഞു.
അടുത്തിടെയുണ്ടായ ആക്രമണത്തിനുശേഷം അതിജീവിച്ചവര്‍ക്ക് ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തതായി ക്രിസ്ത്യാനികളെ തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുത്തതായി അവര്‍ പറഞ്ഞു.
ആക്രമണം നടന്ന മേഖലകളിലെ പല ഇസ്ളാമിക് ഗ്രൂപ്പുകളും ക്രിസ്ത്യാനികളെ അവിശ്വാസികളായി കാണുന്നുവെന്നും സിറിയയില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നു അവര്‍ കരുതുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷായ്ക്ക് തന്റെ സൈനിക സേനയുടെ നിയന്ത്രണം ഇല്ല എന്നതിന്റെ തെളിവാണ് സമീപകാല ആക്രമണങ്ങള്‍ എന്ന് ഓര്‍ട്ട് ഉറപ്പിച്ചു പറയുന്നു.

