113 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് മിഷന്‍ സംഘടന
അടിമത്തത്തില്‍നിന്നും ഞങ്ങളെ രക്ഷിക്കാന്‍ ദൈവം അവരെ അയച്ചതുപോലെയാണ് എന്നു പറഞ്ഞുകൊണ്ട് വിധവയും മാതാവുമായ ഷമിം വിതുമ്പി.
പാക്കിസ്ഥാനിലെ ഇഷ്ടിക ചൂളകളിലെ അടിമ വേലയില്‍നിന്ന് പ്രമുഖ അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് മോചിപ്പിച്ച 113 ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഒരാളായിരുന്നു അവര്‍. “ഈ പുതിയ ശ്രമത്തോടെ” എന്ന പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടങ്ങളില്‍ മോചിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ എണ്ണം 213 ആയി.
ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും സമയത്ത് ഇഷ്ടിക ചൂള ഉടമകളില്‍നിന്ന് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വായ്പയെടുത്തതിനാല്‍ കടഭാരത്താല്‍ കുടുങ്ങിയ നിലയിലാണ് ഈ കുടുംബങ്ങള്‍ ചൂളകളുമായി ബന്ധിതരായത്.
ശരാശരി വേതനത്തേക്കാള്‍ കൂടുതല്‍ വരുമാനം നേടിയരുന്ന വിദഗ്ദ്ധനായ ഇഷ്ടികപ്പണിക്കാരനായ ഭര്‍ത്താവ് അഷ്റഫ് രോഗബാധിതനായതോടെയാണ് ഷമിമിന്റെ ദുഷ്ക്കരമായ ജീവിതയാത്ര ആരംഭിച്ചത്.
ഡോക്ടര്‍മാര്‍ക്ക് രോഗനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞില്ല. എണ്ണമറ്റ മെഡിക്കല്‍ ബില്ലുകളുടെ ഭാരം കാരണം തങ്ങളുടെ സമ്പാദ്യം പെട്ടന്ന് ഇല്ലാതായി. വീട്ടു സാധനങ്ങള്‍ വില്‍ക്കേണ്ടി വന്നു.
അവസാനം ഇഷ്ടികചൂള ഉടമയില്‍നിന്ന് വായ്പയെടുത്തു. ഇതിനിടെ അഷ്റഫ് മരിക്കുകയും ചെയ്തു. കടംവീട്ടുന്നതുവരെ ഇഷ്ടികചൂളയില്‍ കഠിന വേല ചെയ്യേണ്ടിവന്നു.
ഇത് ഷമിമിന്റെ മാത്രം അനുഭവമല്ല. നൂറുകണക്കിനു കുടുംബങ്ങള്‍ ഇതേ സാഹചര്യത്തില്‍ വിവിധ ഇഷ്ടിക ചൂളകളില്‍ അടിമകളായി കഴിയേണ്ടിവരുന്നു.
ബര്‍ണബാസ് മിനിസ്ട്രി പണം സ്വരൂപിച്ച് ഇത്തരം കുടുംബങ്ങളുടെ കടം ഉടമകള്‍ക്ക് തിരികെ നല്‍കി അടിമപ്പണിയില്‍നിന്നും തൊഴിലാളികളെ മോചിപ്പിക്കുകയാണ് ചെയ്തു വരുന്നത്.

