സിറിയന്‍ നഗരം വിമതര്‍ പിടിച്ചെടുത്തതോടെ ക്രിസ്ത്യാനികള്‍ അപകടത്തില്‍
സിറിയയിലെ പ്രമുഖ നഗരമായ അലപ്പോ ഇസ്ളാമിക തീവ്രവാദികളായ വിമത സേന പിടിച്ചെടുത്തതോടെ ക്രൈസ്തവ സമൂഹം ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുന്നതായി പ്രാദേശിക സഭാ നേതാക്കള്‍ പറയുന്നു.
സര്‍ക്കാര്‍ സേന പിന്‍വാങ്ങിയതോടെ ജിഹാദി ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ നിയന്ത്രണം ഏറ്റെടുത്തു. പട്ടണത്തിലെ എല്ലാ ക്രിസ്തുമസ് അലങ്കാരങ്ങളും നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയിലാണെന്ന് അലപ്പോയിലെ മാരോനൈറ്റ് ആര്‍ച്ച് ബിഷപ്പ് ജോസഫ് ടോബ്ജി വിവരിച്ചു.
സായുധ ഗ്രൂപ്പുകള്‍ അപ്രതീക്ഷിതമായി നിയന്ത്രണം ഏറ്റെടുത്തു. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ജീവിതം കരുപ്പിടിപ്പിച്ചു വരികയായിരുന്നു. സ്ഥിഗതികള്‍ ശാന്തമായിരുന്നു. എന്നാല്‍ എല്ലാം ഇപ്പോള്‍ അടഞ്ഞിരിക്കുന്നു.
അദ്ദേഹം പറഞ്ഞു. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു. ബേക്കറികളും മറ്റും അടച്ചതിനാല്‍ ഭക്ഷണത്തിനു ആളുകള്‍ ബുദ്ധിമുട്ടുന്നു. മുന്നറിയിപ്പില്ലാതെ കടകള്‍ അടച്ചതിനാല്‍ പൌരന്മാര്‍ക്ക് ആഹാര സാധനങ്ങളും മറ്റും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അലപ്പോയിലെ ഭൂരിഭാഗം പ്രദേശങ്ങളും തീവ്രവാദികളുടെ കൈകളിലാണ്. കുട്ടികളും പ്രായമായവരുമുള്‍പ്പെടെ നിരവധി താമസക്കാര്‍ സുരക്ഷയ്ക്കായി നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറിയിട്ടുണ്ട്.
തീവ്രവാദികള്‍ പിടികൂടിയ സൈനികരുടെ തലയറുത്തതായും ഇറാക്കി ക്രിസ്ത്യന്‍ ഫൌണ്ടേഷന്‍ സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടു ചെയ്തു.