മൊബൈല്‍ ഫോണിനേടുള്ള ആസക്തി; 3 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മരിച്ചത് 19 കുട്ടികള്‍
മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തിമൂലം കേരളത്തില്‍ 3 വര്‍ഷത്തിനുള്ളില്‍ മരിച്ചത് 19 കുട്ടികള്‍. ഇക്കാലയളവില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളില്‍ കുടുങ്ങിയ 22 കുട്ടികള്‍ മയക്കുമരുന്ന് ദുരുപയോഗത്തിനും ലൈംഗികാതിക്രമത്തിനും വിധേയരായതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നു. ഇത്തരം കേസുകളിലെ ചെറിയൊരു വിഭാഗം മാത്രമാണ് മുന്നില്‍ വരുന്നതെന്നും ഡിജിറ്റല്‍ ആസക്തിയുടെ യഥാര്‍ത്ഥ ഇരകളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിക്കുന്നതും കുട്ടികളെ ജീവനെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മൂന്നു വര്‍ഷത്തിനിടെ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിച്ച 22 കുട്ടികളില്‍ മയക്കു മരുന്ന് ദുരുപയോഗം കണ്ടെത്തിയതായും ലൈംഗീകാതിക്രമം കാണിച്ചതായും ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കോവിഡ് കാലത്ത് മണിക്കൂറുകള്‍ നീണ്ട ക്ളാസ്, ഓണ്‍ലൈന്‍ ട്യൂഷന്‍ തുടങ്ങിയ ശീലങ്ങളും ഇപ്പോഴും കുട്ടികള്‍ പിന്തുടരുന്നുണ്ട്. ഓണ്‍ലൈന്‍ ഗെയിമുകളും സാമൂഹിക മാധ്യമങ്ങളും ശക്തമായതോടെ കൈയ്യിലിരിക്കുന്ന മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും എപ്പോഴും അമിതമായി ഉപയോഗിക്കുന്ന ശീലം വര്‍ദ്ധിച്ചുവരുന്നതായാണ് ഇതു കാണിക്കുന്നത്.

