പായ്ക്ക്ഡ് ഭക്ഷണം രോഗിയാക്കും; ഉപ്പു കുറച്ചാല്‍ 3 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാമെന്ന് പഠനം
ജനീവ: ശരിയായ ഭക്ഷണ ശീലങ്ങള്‍ അനുവര്‍ത്തിച്ചാല്‍ നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ കഴിയുമെന്നും മറിച്ചായാല്‍ ജീവന്‍ തന്നെ അവതാളത്തിലാകുമെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
ഭക്ഷണത്തിലെ സോഡിയം നിയന്ത്രിക്കുന്നതിലൂടെ 10 വര്‍ഷത്തിനുള്ളില്‍ ഹൃദയ സംബന്ധമായ രോഗങ്ങളും വിട്ടുമാറാത്ത വൃക്ക രോഗങ്ങളും മൂലമുള്ള 3 ലക്ഷം മരണങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നു ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപ്പില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ഉണ്ട്.
അമിത തോതിലുള്ള ഉപ്പ് ഉപയോഗം രോഗത്തിലേക്കും മരണത്തിലേക്കും വരെ നയിക്കാം. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ സോഡിയം ഉപയോഗത്തിന്റെ പ്രധാന ഉറവിടം പായ്ക്ക്ഡ് ഭക്ഷണങ്ങളാണ്.
താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും ഇതിന്റെ ഉപയോഗം കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
ഇന്ത്യയില്‍ സോഡിയത്തിന്റെയും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെയും ഉപയോഗം നിയന്ത്രണങ്ങളില്ലാതെ ഉയരുകയാണ്. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നതിന്റെ ഇരട്ടിയിലേറെയാണ് ഇവിടെ സോഡിയം ഉപയോഗം.
എന്നിട്ടും ഇത് കുറയ്ക്കുന്നതിന് രാജ്യത്ത് കൃത്യമായ ഇടപെടലില്ലെന്ന് ഹൈദരാബാദിസെ ജോര്‍ജ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ളോബല്‍ ഹെല്‍ത്തില്‍നിന്നുള്ള ഗവേഷകര്‍ കുറ്റപ്പെടുത്തി.
ഒരു ദിവസം രണ്ടു ഗ്രാം സോഡിയത്തിനു താഴെയാണ് ഡബ്ളിയുഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നത്. അതായത് ഒരു ദിവസം ഏകദേശം ഒരു ടീസ്പൂണ്‍/ അഞ്ച് ഗ്രാം ഉപ്പിനു താഴെമാത്രം.
ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് കുറയ്ക്കുക വഴി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഗണ്യമായ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങളും ചികിത്സാ ചിലവുകളും ലാഭിക്കാമെന്നു ദി ലാന്‍സെറ്റ് പബ്ളിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

