മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വീട്ടമ്മയ്ക്ക് വധശിക്ഷ

മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വീട്ടമ്മയ്ക്ക് വധശിക്ഷ

Breaking News Global

മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വീട്ടമ്മയ്ക്ക് വധശിക്ഷ

വിവാദമായ മതനിന്ദാ നിയമപ്രകാരം പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വീട്ടമ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. നാല് കുട്ടികളുടെ അമ്മയായ ഷഗുഫ്ത കിരണ്‍ (40) ആണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

ഇസ്ളാമബാദിലെ അഡീഷണല്‍ സെക്ഷന്‍ ജഡ്ജി മുഹമ്മദ് അഫ്സല്‍ മൂന്നു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം ഷഗുഫ്തയ്ക്ക് 30,0000 പാക്കിസ്ഥാന്‍ രൂപാ പിഴയും വിധിച്ചതായി അറ്റോര്‍ണി റാണ അബ്ദുള്‍ ഹമീദ് പറഞ്ഞു.

2020 സെപ്റ്റംബറില്‍ ഒരു വാട്ട്സ്ആപ് ഗ്രൂപ്പില്‍ മതനിന്ദയുടെ ഉള്ളടക്കം പങ്കിട്ടുവെന്നാരോപിച്ച് 2021 ജൂലൈ 29-ന് ഇസ്ളാമബാദില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) ഷഗുഫ്തയെ അറസ്റ്റു ചെയ്യുകയായിരുന്നു.

റെയ്ഡിനിടെ ഭര്‍ത്താവിനെയും രണ്ട് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് അവരെ വിട്ടയച്ചു. ഇസ്ളാമിന്റെ പ്രവാചകനെ അനാദരിക്കുന്ന ഉള്ളടക്കം പങ്കിട്ടുവെന്ന് ആരോപിച്ച് ഷറാസ അഹമ്മദ് ഫാറൂഖി എന്ന മുസ്ളീമാണ് ഷഗുഫ്തയ്ക്കെതിരെ പരാതി നല്‍കിയത്.

എന്നിരുന്നാലും താന്‍ ഉള്ളടക്കം എഴുതിയിട്ടില്ലെന്നും അത് വായിക്കാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഫോര്‍വേഡ് ചെയ്തതാണെന്നും ഷഗുഫ്ത വാദിച്ചു. ഹമീദ് മാദ്ധ്യമങ്ങളോടു പറഞ്ഞു.

മുമ്പ് ഒരു നേഴ്സായിരുന്ന ഷഗുഫ്ത ഇന്റര്‍ ഫെയ്ത്ത് വാട്ട്സ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സുവിശേഷം പ്രചരിപ്പിക്കുകയും തന്റെ ക്രിസ്തീയ വിശ്വാസം പങ്കിടുകയും ചെയ്തു വരികയായിരുന്നു.

വിചാരണ വേളയില്‍ ഉറച്ചുനിന്ന ധീര വനിതയായിരുന്നു ഷഗുഫ്തയെന്ന് ഹമീദ് പറഞ്ഞു. എന്നാല്‍ മേല്‍ക്കോടതിയില്‍നിന്നും അനുകൂലമായ ഒരു വിധി പ്രതീക്ഷിക്കുന്നു. വിശദമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചശേഷം അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

സെക്ഷന്‍ 295 സി പ്രകാരം കുറ്റാരോപിതരായവരില്‍ 99 ശതമാനവും ഇസ്ളാമിസ്റ്റുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വിചാരണ കോടതികള്‍ ശിക്ഷിച്ചവരാണ് എന്നതിനാല്‍ വിധി ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.