ആശ്രയം പരസ്യങ്ങളില്‍ (എഡിറ്റോറിയൽ)

ആശ്രയം പരസ്യങ്ങളില്‍ (എഡിറ്റോറിയൽ)

Articles Breaking News Editorials

ആശ്രയം പരസ്യങ്ങളില്‍ (എഡിറ്റോറിയൽ)

പരസ്യത്തെ ആശ്രയമാക്കിയാണ് സമൂഹം ഇന്ന് എന്തും ഏതും ചെയ്തു കൂട്ടുന്നത്. വ്യവസായ വാണിജ്യ ഉല്‍പ്പന്നങ്ങള്‍, തൊഴിലിനെ സംബന്ധിച്ച് അറിയിപ്പുകള്‍ തുടങ്ങി ആത്മീയ കാര്യങ്ങളില്‍ പോലും ഇന്ന് പരസ്യബോര്‍ഡുകളും വിളംബരങ്ങളും ഇന്ന് നാടിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ കൂടാതെ പൊതുനിരത്തുകള്‍, പൊതുസ്ഥലങ്ങള്‍, സ്വകാര്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പരസ്യബോര്‍ഡുകള്‍ കൈയ്യടക്കി വെച്ചിരിക്കുന്നു.

നാട്ടില്‍ നിന്നുതിരിയുവാന്‍പോലും ഇടമില്ലാതെയാണ് പതിനായിരക്കണക്കിനു രൂപ ചിലവാക്കിയുള്ള ഇത്തരം പരസ്യബോര്‍ഡുകള്‍ നാട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഉടമസ്ഥര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ ജനങ്ങളുടെ മുന്‍പാകെ പരസ്യം നല്‍കുമ്പോള്‍ അതിനു ഫലവും കാണുന്നുണ്ട്. കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങള്‍ മേല്പടി പരസ്യങ്ങള്‍ കണ്ട് അതില്‍ വീഴുന്നു.

പല പരസ്യങ്ങളില്‍ അവകാശപ്പെടുന്നതുപോലെ ഗുണമേന്മകള്‍ ഉല്പന്നത്തിലോ സേവനങ്ങളിലോ കാണാറുമില്ല എന്നതാണ് സത്യം. പലപ്പോഴും ഉപഭോക്താക്കള്‍ കബളിക്കപ്പെടാറുമുണ്ട്. എന്നിട്ടും ആവശ്യമുള്ളതും ആവശ്യമില്ലാത്തതും അമിതവില നല്‍കി വാങ്ങിക്കൂട്ടുന്നതില്‍ അമാന്തിക്കുന്നുമില്ല.

ഭൌതികകാര്യങ്ങളിലേതുപോലെ ആത്മീക കാര്യങ്ങളിലും ജാതിമതഭേദമന്യേ ഇത്തരം പരസ്യങ്ങള്‍ കടന്നുവരാറുണ്ട്. ക്രൈസ്തവ ഇതര വിഭാഗങ്ങളെ ഞങ്ങള്‍ വിമര്‍ശിക്കുന്നില്ല. എന്നാല്‍ ക്രൈസ്തവരുടെ ഇടയില്‍ തങ്ങളുടെ ശുശ്രൂഷാ മാഹാത്മ്യങ്ങള്‍ മാലോകരെ അറിയിക്കുവാനായി പരസ്യങ്ങള്‍ നല്‍കുന്ന രീതി ഇന്നു ധാരാളമായി കണ്ടുവരുന്നു.

കര്‍ത്താവ് നല്‍കിയ കൃപയും കഴിവും ഉപയോഗിക്കുമ്പോള്‍ അത് തങ്ങളുടെ സ്വന്തം എന്നു സ്വയം വിശ്വസിച്ച് പ്രഖ്യാപിക്കുന്നവരെ ഇന്നു പെന്തെക്കോസ്ത് സമൂഹത്തിലും പരിചിതമാണ്.

ആരോഗ്യവും കഴിവും ശുശ്രൂഷകളുമൊക്കെ തന്ന കര്‍ത്താവായ യേശുവിന് സര്‍വ്വമഹത്വവും നല്കാതെ എല്ലാം തങ്ങളുടെ സ്വന്തം പ്രാപ്തിയെന്ന് അവകാശപ്പെട്ട് മറ്റുള്ളവരുടെ മുന്‍പാകെ അവതരിപ്പിക്കുന്നത് ദൈവത്തോടുള്ള അനീതിയാണ്.

ഇന്ന് പ്രവചനവരമോ കൃപാവര ശുശ്രൂഷകളോ ചെയ്തുവരുന്ന പല ദൈവദാസന്മാരും തങ്ങളുടെ മിടുക്കും സാമര്‍ത്ഥ്യവും മാത്രമാണെന്നും അത് മറ്റുള്ളവരേക്കാള്‍ അധികമാണെന്നും ശുശ്രൂഷയ്ക്കു പ്രോഗ്രാം ലഭിക്കുവാനായി പരസ്യബോര്‍ഡുകള്‍ പൊതുനിരത്തില്‍ സ്ഥാപിക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.

കണ്‍വന്‍ഷന്‍ പ്രസംഗകരെ വാനോളം ഉയര്‍ത്തി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചുവെയ്ക്കുന്ന രീതികള്‍ വര്‍ദ്ധിച്ചു വരികയാണ്. സര്‍വ്വവിധ മഹത്വവും മനുഷ്യന്‍ മനുഷ്യനുതന്നെ അര്‍പ്പിക്കുന്നു. ഇതു പാപമാണ്.

സമൂഹത്തില്‍ മാന്യതയും ഉന്നത വിദ്യാഭ്യാസവും ഉണ്ടായിരുന്ന അന്നത്തെ രീതിയില്‍ ധനികനുമായിരുന്ന അപ്പോസ്തലനായ പൌലോസും സഹപ്രവര്‍ത്തകരും അന്ന് കര്‍ത്താവിന്റെ വേല ചെയ്തിരുന്നത് സകല മഹത്വവും ദൈവത്തിന് അര്‍പ്പിച്ചുകൊണ്ടായിരുന്നു.

കഴിവും കൃപാവരങ്ങളും ഉണ്ടായിരുന്ന അവര്‍ തങ്ങളെത്തന്നെ ഉയര്‍ത്താതെ എപ്പോഴും ദൈവത്തെ ഉയര്‍ത്തുന്നവരായിരുന്നു. പൌലോസ് തങ്ങളുടെ നിലപാട് ദൈവസഭയോട് പരസ്യമായി പ്രഖ്യാപിക്കുകയുമുണ്ടായി.

“ഞങ്ങളില്‍ നിന്നുതന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാന്‍ ഞങ്ങള്‍ പ്രാപ്തര്‍ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ” (1 കൊരി.3:5). ദൈവം ഉപയോഗിച്ച ശക്തനായ ഒരു ദൈവദാസന് പറയുവാന്‍ ഇതു മാത്രമേയുള്ളൂ.

നാം എന്തു ചെയ്താലും പ്രവര്‍ത്തിച്ചാലും അത് ദൈവത്തിന്റെ മഹത്വത്തിനു കാരണമാകണം. മറിച്ച് എത്ര രൂപ മുടക്കി പൊതുജനത്തിന്റെ മുന്‍പില്‍ വിരുതുകാണിച്ചാലും അത് ദൈവം അംഗീകരിക്കണമെന്നില്ല.

ദൈവപ്രവൃത്തിക്കു അവസരം ഇല്ലാതെവരും എന്നു ഓര്‍ക്കുന്നതു നല്ലത്. അതുകൊണ്ട് പുകഴ്ചയും മാനവും ദൈവത്തിനു മാത്രം. നമ്മുടെ പ്രവൃത്തി മറ്റുള്ളവരുടെ മുന്‍പാകെ ദൈവം അറിയിക്കേണ്ട സമയത്ത് അറിയിച്ചുകൊള്ളും.
പാസ്റ്റര്‍ ഷാജി. എസ്.