അനുഗ്രഹിക്കപ്പെട്ട ഭവനം (എഡിറ്റോറിയൽ)

അനുഗ്രഹിക്കപ്പെട്ട ഭവനം (എഡിറ്റോറിയൽ)

Articles Breaking News Editorials

അനുഗ്രഹിക്കപ്പെട്ട ഭവനം (എഡിറ്റോറിയൽ)

ലോകത്ത് ഇന്ന് അധാര്‍മ്മികത പെരുകി വരുന്നു. കുടുംബങ്ങളിലും സമൂഹത്തിലും അതിന്റെ വിഷവ്യാപ്തി പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്.

പല കുടുംബങ്ങളിലും കലഹങ്ങളും, കൊലപാതകങ്ങളും നടക്കുന്നു. ഈ അടുത്ത നാളുകളിലെ മാധ്യമ വാര്‍ത്തകള്‍ തന്നെ പരിശോധിച്ചാല്‍ അത് വ്യക്തമാകുന്നു.

കുടുംബങ്ങളിലെ നായകനായിരിക്കേണ്ട കുടുംബനാഥന്‍മാര്‍തന്നെ ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങള്‍ പലപ്പോഴും അതിരുവിട്ട് സ്വന്തം മക്കളിലേക്കു വ്യാപരിച്ചിരിക്കുന്നു.

അവരെ നിഷ്ക്കരുണം കൊല്ലുന്നു. ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് സ്വയവാദങ്ങള്‍ ഉണ്ടാക്കിയെന്നിരിക്കാം. എന്നാല്‍ അതിന് ഒറ്റ വരിയില്‍ നമുക്ക് ഉത്തരം കണ്ടുപിടിക്കുവാന്‍ സാധിക്കും.

ദൈവസ്നേഹം ഇല്ലാതെ പോയി എന്ന യാഥാര്‍ത്ഥ്യമാണ് അതിനു കാരണം. ബൈബിളില്‍ത്തന്നെ ഭാര്യയെക്കുറിച്ച് ആദിമ മനുഷ്യനായ ആദാമിന്റെ വാക്കുകള്‍ ഇപ്രകാരമാണ്.

“ഇത് ഇപ്പോള്‍ എന്റെ അസ്ഥിയില്‍നിന്നു അസ്ഥിയും എന്റെ മാംസത്തില്‍ നിന്നു മാംസവും ആകുന്നു” (ഉല്‍പ്പത്തി 2:23) എന്നാണ്. ഹവ്വയോട് ദൈവം പറഞ്ഞത് “നീ വേദനയോടെ മക്കളെ പ്രസവിക്കും, നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോട് ആകും, അവന്‍ നിന്നെ ഭരിക്കും” (3:16) എന്നാകുന്നു.

പുതിയ നിയമത്തില്‍ അപ്പോസ്തോലനായ പൊലോസില്‍ക്കൂടി ദൈവം പിതാക്കന്മാര്‍ക്ക് നല്‍കുന്ന സന്ദേശം ഇപ്രകാരമാണ്. “പിതാക്കന്മാരെ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍” (എഫേ. 6:4) എന്നാണ്.

അതുപോലെ മക്കളോട് പറയുന്നു “മക്കളേ നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവിന്‍ അനുസരിപ്പിന്‍ അതു ന്യായമല്ലോ (എഫേ. 6:1). മേല്‍വിവരിച്ച ദൈവിക കല്‍പ്പനകള്‍ എല്ലാം തന്നെ ഒരു കുടുംബത്തിലെ മാതാപിതാക്കളും മക്കളും ഒക്കെ പരസ്പ്പരം അംഗീകരിക്കുകയും അനുസരിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്താല്‍ തങ്ങളുടെ ഭവനങ്ങളില്‍ അസഹിഷ്ണതയോ കലഹങ്ങളോ ഉണ്ടാകുകയില്ല എന്ന് അനേകം ക്രൈസ്തവരുടെ നല്ല നല്ല ജീവിത രീതികള്‍ വീക്ഷിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഇവരൊക്കെ ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ച് കര്‍ത്താവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി അംഗീകരിച്ച് ജീവിക്കുന്നവരാണെന്നതാണ് ഇവരുടെ ജീവിത വിജയത്തിന്റെ പരമ രഹസ്യം.

മാതാപിതാക്കള്‍ മക്കളെ ശിക്ഷിച്ചു വളര്‍ത്തുക മാത്രമല്ല മക്കളുടെ മുമ്പില്‍ നല്ല മാതൃകയുള്ള മാതാപിതാക്കളായി ജീവിക്കുകയും വേണം.

ഇങ്ങനെയുളള മക്കളാണ് നല്ല പൌരന്മാരായിത്തീരുന്നത്. അല്ലാതെ മാതൃക കാട്ടാതെ മക്കളെ അടിച്ചമര്‍ത്തി വളര്‍ത്തിയാല്‍ അവര്‍ വളര്‍ന്നു വരുമ്പോള്‍ മാതാപിതാക്കളെ ബഹുമാനിക്കണമെന്നില്ല.

ദൈവവചനം ഹൃദയത്തില്‍ പകര്‍ന്നു ലഭിക്കുമ്പോഴാണ് ദൈവിക ഭയവും, ബഹുമാനവും, സ്നേഹവുമൊക്കെ പ്രകടമാക്കുവാന്‍ ഇടയാകുന്നത്.

ഇങ്ങനെയുള്ളവര്‍ കോപിഷ്ഠരും, സംശയ രോഗികളും, കൊലപാതകികളുമൊന്നും ആകുകയില്ലെന്ന് ബൈബിള്‍ തെളിയിച്ചു തരുന്നു. ദൈവം നമ്മെ പരിപാലിക്കുന്ന ദൈവമാണ്. നിശ്ചയാമായി നമ്മെ സഹായിക്കും.
പാസ്റ്റര്‍ ഷാജി. എസ്.