ബ്രസീലിയന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ഇനി സഭയുടെ പാസ്റ്ററായും സേവനം ചെയ്യും
ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ (32) തന്റെ കരിയറിനൊപ്പം ഇനി ഒരു സഭയുടെ പാസ്റ്ററായും സേവനം അനുഷ്ഠിക്കും.
നിലവില്‍ സൌദി അറേബ്യയിലെ അല്‍ അഹ്ളി ക്ളബ്ബിനുവേണ്ടി കളിക്കുന്ന റോബര്‍ട്ടോ കഴിഞ്ഞ വര്‍ഷമാണ് അല്‍-അഹ്ളിയുമായി രണ്ടു വര്‍ഷത്തെ കരാറിലായത്.
തന്റെ കരാര്‍ കലാവധി തീരും വരെ ഫുട്ബോള്‍ കളിയില്‍ത്തന്നെ തുടരാനാണ് തീരുമാനം. എന്നാല്‍ അതോടൊപ്പം താന്‍ തന്നെ ജന്മ നഗരമായ മാസിയോയിലെ മാനാ ചര്‍ച്ചിന്റെ പാസ്റ്ററായും ശുശ്രൂഷ ചെയ്യാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.
5 വര്‍ഷം മുമ്പാണ് റോബര്‍ട്ടോ രക്ഷിക്കപ്പെട്ടു ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത്. 2020-ല്‍ തന്റെ മുന്‍ സഹതാരം അലിസണ്‍ ബെക്കറിന്റെ വീട്ടിലെ നീന്തല്‍ കുളത്തില്‍ സ്നാനമേറ്റു.
2021-ല്‍ തന്റെ ജന്മ നാട്ടില്‍ മാനാ ചര്‍ച്ച് എന്ന പേരില്‍ ഒരു സഭാ ആരാധനയ്ക്കു തുടക്കമിട്ടു. ഈ സഭയുടെ പാസ്റ്ററായി കഴിഞ്ഞ മാസം റോബര്‍ട്ടോ ഓര്‍ഡിനേഷന്‍ നേടുകയുണ്ടായി.
തന്റെ ഭാര്യ ലാറിസ്സ പെരീരയുമായി ചേര്‍ന്നാണ് ശുശ്രൂഷ ചെയ്യുന്നത്.
ഫിര്‍മിനോ-ലാറിസ്സ ദമ്പതികള്‍ക്ക് 3 പെണ്‍മക്കളാണുള്ളത്. ദൈവത്തിന്റെ ഹൃദയാഗ്രഹങ്ങള്‍ക്കൊപ്പം ദൈവവേല ചെയ്യാനും രാജ്യത്തിനൊപ്പം നില്‍ക്കാനുമാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
യേശു സ്നേഹമാണ്, പ്രത്യേകിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല. അവനില്‍ വിശ്വസിക്കുക, പരിശുദ്ധാത്മാവിനെ വിശ്വസിക്കുക, അനുഭവിക്കുക അദ്ദേഹം പറഞ്ഞു. എന്നാല്‍ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവനു സഭയിലും ക്രിസ്തുവേശുവിലും എന്നേക്കും തലമുറ തലമുറയായും മഹത്വം ഉണ്ടാകട്ടെ (എഫേ.3:20). റോബര്‍ട്ടോ കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം സൌദി ക്ളബ്ബുമായുള്ള കരാര്‍ അവസാനിച്ചാല്‍ പൂര്‍ണ്ണ സമയവും സുവിശേഷം പ്രസംഗിക്കുവാനായി കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് റോബര്‍ട്ടോ താല്‍പ്പര്യപ്പെടുന്നത്.
ബ്രസീലിനായി 55 മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 82 ഗോളുകളുമായി പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്ന ബ്രസീലിയന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഈ സ്ട്രൈക്കറായ താരം മുമ്പ് ലിവര്‍പൂളിനായും കളിച്ചിട്ടുണ്ട്.