പ്രമുഖ ഈ ക്രിസ്ത്യന്‍ രാജ്യത്തെ പത്തില്‍ ഒരാള്‍ വിശ്വസിക്കുന്നു; അന്യഗ്രഹ ജീവികളുണ്ട്
ഈ അടുത്ത കാലത്തായി വിചിത്രവും ആകാംഷയും ഉണ്ടാക്കുന്ന ഒട്ടനവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അത് അന്യ ഗ്രഹ ജീവികളെക്കുറിച്ചാണെന്ന് അറിയുമ്പോള്‍ വാര്‍ത്തകള്‍ വളരെ വൈറലാകുകയും ചെയ്യുന്നു.
ഇപ്പോഴിതാ അടുത്തിടെ യു.കെ.യില്‍ നടന്ന ഒരു സര്‍വ്വേയുടെ ഫലമാണ് അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും ഞെട്ടിച്ചത്. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാര്‍ത്തകളേക്കാള്‍ അധികം ഈ രാജ്യത്തെ ജനങ്ങളുടെ മനോചിന്തയെ പറ്റിയാണ് ഏവരും ഞെട്ടിയത്. അന്യഗ്രഹ ജീവികളുടെ അസ്ഥിത്വത്തെക്കുറിച്ചായിരുന്നു സര്‍വ്വേ.
ഫലം വന്നപ്പോള്‍ രാജ്യത്തെ പത്തു പേരില്‍ ഒരാള്‍ അന്യഗ്രഹ ജീവികളുടെ അസ്ഥിത്വത്തില്‍ വിശ്വസിക്കുന്നു. മാത്രമല്ല ഏറെ രസകരമായത്: യു.കെ. സര്‍ക്കാര്‍ മറച്ചുവച്ച ഒരു രഹസ്യ അന്യഗ്രഹ താവളം ഉണ്ടെന്നു വരെ ഇവര്‍ വിശ്വസിക്കുന്നു.
അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നു മാത്രമല്ല ഇവര്‍ വേഷം മാറി സാധനങ്ങള്‍ വാങ്ങാനും മദ്യശാലകള്‍ സന്ദര്‍ശിക്കാന്‍ പോലും എത്തുന്നുണ്ടെന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിലാണ് ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങള്‍ കൂടുതലായി ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനറേഷന്‍ ഇസഡ് എന്നറിയപ്പെടുന്ന 18 മുതല്‍ 26 വരെ പ്രായമുള്ള ആളുകളാണ് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തക്കാരില്‍ ഭൂരിപക്ഷവും എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ജനറേഷന്‍ ഇസഡിലെ ഏതാണ്ട് 15 ശതമാനം പേരും വിശ്വസിക്കുന്നത് അന്യഗ്രഹ ജീവികള്‍ യഥാര്‍ത്ഥ്യമാണെന്നാണ്.
മില്ലേനിയലുകള്‍ എന്നറിയപ്പെടുന്ന 27-നും 42-നും ഇടയില്‍ പ്രായമുളളവരില്‍ 10 ശതമാനം പേരും അന്യഗ്രഹ ജീവികളുടെ അസ്ഥിത്വത്തില്‍ വിശ്വസിക്കുന്നവരാണ്.
ബേബി ബൂമറുകള്‍ എന്നറിയപ്പെടുന്ന 59 നു മുകളില്‍ പ്രായമുള്ളവരില്‍ 7 ശതമാനം പേര്‍ യു.കെ.യില്‍ ഒരു അന്യഗ്രഹ താവളം ഉണ്ടെന്നു വിശ്വസിക്കുന്നു.
ബിംഗോ സൈറ്റായ എംആര്‍ക്യൂ യു.കെ. സ്വദേശികളായ 4000 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് രാജ്യത്തെ ജനത്തിന്റെ ചിന്താഗതികള്‍ പുറത്തു കൊണ്ടുവന്നത്.
തലസ്ഥാന നഗരമായ ലണ്ടനിലെ 9 ശതമാനം പേരും യു.കെ.യിലെ അന്യഗ്രഹ കോളനി സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ്. അതേ സമയം തങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചവരില്‍ 12 ശതമാനം പേര്‍ യു.എസിന്റെ അപ്പോളോ മൂണ്‍ ലാന്റിംഗുകള്‍ വ്യാജമാണെന്നു വിശ്വസിക്കുന്നു.
യു.കെ.യിലെ ഭൂരപക്ഷം ജനങ്ങളും ക്രൈസ്തവ വിശ്വാസികളാണ്. (46.5%). 37.8 ശതമാനം പേര്‍ മതവിശ്വാസം ഇല്ലാത്തവരും. ബാക്കി പേര്‍ വിവിധ മതവിശ്വാസികളുമാണ്. ദൈവം ആകശത്തെയും ഭൂമിയെയും സമുദ്രത്തെയും സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും മറ്റു ഗ്രഹങ്ങളെയുമൊക്കെ സൃഷ്ടിച്ചു എന്നു ബൈബിളില്‍ കാണാം.
എന്നാല്‍ മനുഷ്യനും ജന്തുക്കള്‍ക്കും പാര്‍ക്കാനായി ഭൂമിയും, മത്സ്യങ്ങള്‍ക്കും മറ്റും സമുദ്രവും ദൈവം ഒരുക്കി. ദൈവത്തെ ആരാധിക്കാനും മനുഷ്യരുടെ സേവനങ്ങള്‍ക്കുമായി ദൂതന്മാരേയും ദൈവം നേരത്തെതന്നെ സൃഷ്ടിച്ചിരുന്നു.
എന്നാല്‍ മറ്റൊരു ജീവിയെക്കുറിച്ചും മറ്റു ഗ്രഹങ്ങളിലെ ജീവികളെക്കുറിച്ചും ബൈബിള്‍ വിശദീകരിക്കുന്നില്ല. ശാസ്ത്രവും ഇത് സ്ഥിരീകരിച്ചിട്ടില്ല.