ഉപ്പിനു ബദലായി ഇലക്ട്രിക് സോള്‍ട് സ്പൂണ്‍ അവതരിപ്പിച്ച് ജപ്പാന്‍
ടോക്കിയോ: ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കുറയ്ക്കാന്‍ എത്ര തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍ക്കായി ഒരു പ്രത്യേക തരം ഇലക്ട്രിക് സ്പൂണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍ കമ്പനി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്പൂണ്‍ ഭക്ഷണത്തിന് ഉപ്പ് രുചി നല്‍കുന്നു.
പ്ളാസ്റ്റിക്കിലും ലോഹത്തിലും നിര്‍മ്മിച്ചിരിക്കുന്ന ഈ സ്പൂണിലൂടെ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കാമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. അഗ്രഭാഗത്ത് ദുര്‍ബലമായ വൈദ്യുത ലോഹത്തെ കടത്തിവിട്ട് നാവില്‍ സോഡിയം അയണ്‍ തന്മാത്രകളെ കേന്ദ്രീകരിപ്പിച്ചാണ് ഇലക്ട്രിക് സോള്‍ട്ട് സ്പൂണ്‍ പ്രവര്‍ത്തിക്കുന്നത്.
ഇത് ഭക്ഷണത്തിന്റെ ലവണാംശത്തെ ഒന്നര മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കളായ കിറിന്‍ കമ്പനി പറയുന്നു. ഉപഭോക്താക്കള്‍ക്ക് നാല് വ്യത്യസ്ത ലവലുകളിലായി തീവ്രത നിയന്ത്രിക്കാം.
മെയ്ട്രി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഹോമെയ് മിയാ ഷിറ്റയുമായി ചേര്‍ന്നാണ് സ്പൂണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. വൈദ്യുതി പ്രവാഹത്തിന്റെ സഹായത്തോടെ രുചി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഇലക്ട്രിക് ചോപ്സ്റ്റിക് മാതൃക ഇദ്ദേഹം നേരത്തെയും അവതരിപ്പിച്ചിരുന്നു.
60 ഗ്രാം ഭരമുള്ള സോള്‍ട്ട് സ്പൂണില്‍ റീച്ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന ലിഥിയം ബാറ്ററിയാണുള്ളത്. സ്പൂണ്‍ ഒന്നിന് 19,800 യെന്‍ (10,508 രൂപ) ആണ് വില. അടുത്ത വര്‍ഷം ജപ്പാനു പുറത്ത് വില്‍പ്പന തുടങ്ങും.
ഉപ്പ് അമിതമാകുന്നത് രക്ത സമ്മര്‍ദ്ദം കൂടാനും സ്ട്രോക്ക് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഇതിനു പരിഹാരമായാണ് ഉപ്പ് സ്പൂണ്‍ നിര്‍മ്മിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

