https://youtu.be/8I_THltKBP4

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ക്രൈസ്തവ സഭയല്ലെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍

Asia Breaking News Europe

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ക്രൈസ്തവ സഭയല്ലെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍

വിയന്ന: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ യുക്രൈന്‍ യുദ്ധത്തെ അനുകൂലിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ യേശുക്രിസ്തുവിന്റെ സുവിശേഷാധിഷ്ഠിതമായ സഭയുടെ ഭാഗമല്ലെന്ന് വിവിധ ലോകരാജ്യങ്ങളില്‍നിന്നും സഭകളില്‍നിന്നുമുള്ള എണ്ണൂറിലേറെ ദൈവശാസ്ത്രജ്ഞര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇവരില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്സ് ദൈവശാസ്ത്രജ്ഞരാണ്. റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭയും പുടിനും നിലകൊള്ളുന്നത് “റഷ്യന്‍ ലോക” ത്തിനുവേണ്ടിയാണ്. വംശീയതയിലും പ്രാദേശികതയിലും വേരുറപ്പിച്ച ഈ സങ്കല്‍പ്പം തികഞ്ഞ പാഷാണ്ഡതയും തെറ്റുമാണ്.

“അത് ഓര്‍ത്തോഡോക്സ് അല്ല, ക്രൈസ്തവമല്ല, മനുഷ്യവിരുദ്ധമാണ്. മതപരമായ മൌലികവാദവും സ്വേഛാധിപത്യപരവുമാണ്. റഷ്യന്‍ ലോകംകൊണ്ടുദ്ദേശിക്കുന്നത് “വിശുദ്ധ ഭാഷ” എന്ന സങ്കല്‍പ്പമാണ്. റഷ്യ, യുക്രൈന്‍ ‍, ബെലാറസ് (ചിലപ്പോള്‍ മോള്‍ഡോവയും ഖസാക്കിസ്ഥാനും) രാജ്യങ്ങളും റഷ്യന്‍ ഭാഷയും റഷ്യന്‍ വംശജരായ ആളുകളും ഉള്‍പ്പെടുന്നതാണ് ഈ ലോകം.

ഇതിന്റെ രാഷ്ട്രീയ തലസ്ഥാനം മോസ്ക്കോയും ആത്മീയ തലസ്ഥാനം കീവും മതം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമാണ്.
ഈ ലോകത്തിന്റെ മുഖ്യ ശത്രു ജീര്‍ണ വ്യവസ്ഥയിലായ പാശ്ചാത്യലോകമാണെന്ന് പുടിനും പാത്രിയര്‍ക്കീസും കരുതുന്നു. റഷ്യന്‍ ലോകം എന്ന ആശയം സുവിശേഷ വിരുദ്ധമാണെന്നു പ്രസ്താവനയില്‍ പറയുന്നു.

സാര്‍വ്വത്രിക വിശ്വാസ പ്രമാണത്തിനും എക്യുമിനിക്കല്‍ സുന്നഹദോസുകള്‍ക്കും സഭാപിതാക്കന്മാരുടെ ദര്‍ശനങ്ങള്‍ക്കും എതിരാണ് ഈ പ്രാദേശിക വാദം. ക്രൈസ്തവ ഐക്യത്തെ അപകടപ്പെടുത്തുന്ന ഈ നിലപാട് തിരുത്തുക തന്നെ വേണം.

ലജ്ജാകരവും നീതീകരണമില്ലാത്തതുമായ ഈ ആശയം വഴി യുക്രൈന്റെ മേല്‍ അവര്‍ണനാതീതമായ ദുഃഖ ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന യുദ്ധത്തെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ പിന്തുണയ്ക്കാന്‍ പാടില്ല. ഇതിനിടെ വിദേശത്തുള്ള പല റഷ്യന്‍ ഓര്‍ത്തോഡോക്സ് ഇടവകകളും റഷ്യന്‍ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.