ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ വര്‍ദ്ധിച്ചു വരുന്നതായി പഠന റിപ്പോര്‍ട്ട്. കാന്‍സര്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 20നും 40നും വയസിനു താഴെയുള്ള പുരുഷന്മാരിലും സ്ത്രീകളിലുമാണെന്നാണ് കാന്‍സര്‍ മുക്ത ഫൌണ്ടേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
മാര്‍ച്ച് 1നും മെയ് 15നും ഇടയില്‍ ഫൌണ്ടേഷന്റെ കാന്‍സര്‍ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച ഇന്ത്യയിലുടനീളമുള്ള 1368 കാന്‍സര്‍ രോഗികളിലാണ് പഠനം നടത്തിയത്.
40 വയസിനു താഴെയുള്ള കാന്‍സര്‍ രോഗികളില്‍ 60 ശതമാനവും പുരുഷന്മാരാണെന്ന് പഠനം വ്യക്തമാക്കുന്നു. തലയിലും കഴുത്തിലുമുള്ള അര്‍ബുദമാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (26 ശതമാനം). വന്‍കുടല്‍, ആമാശയം, ദഹന നാളത്തിലെ അര്‍ബുദം എന്നിവ 16 ശതമാനം, സ്തനാര്‍ബുദം 15 ശതമാനവും രക്താര്‍ബുദം 9 ശതമാനവുമാണ്.
ഇന്ത്യയില്‍ കണ്ടെത്തിയ കേസുകളില്‍ 27 ശതമാനവും കാന്‍സറിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലാണെന്നും 63 ശതമാനം മൂന്ന് നാല് ഘട്ടങ്ങളിലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചതു മുതല്‍ ഇന്ത്യയിലുടനീളമുള്ള കാന്‍സര്‍ രോഗികള്‍ക്കുള്ള പിന്തുണ സംവിധാനമാണിതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ദിവസവും നൂറുകണക്കിനു കോളുകള്‍ ലഭിക്കുന്നുണ്ടെന്നും കാന്‍സര്‍ മുക്ത ഭാരത് കാമ്പെയ്നിന്റെ തലവനായ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും സീനിയര്‍ ഓങ്കോളജിസ്റ്റുമായ ഡോ. ആശിഷ് ഗുപ്ത പറഞ്ഞു.
യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനു പിന്നില്‍ മോശം ജീവിത ശൈലിയാണെന്ന് അദ്ദേഹം പറഞ്ഞു. അമിത വണ്ണം, ഭക്ഷണ ശീലങ്ങളിലെ മാറ്റം, അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപയോഗം, ഉദാസീനമായ ജീവിത ശൈലി എന്നിവ കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഘടകങ്ങളാണെന്ന് ആശിഷ് ഗുപ്ത പറഞ്ഞു.
യുവതലമുറയില്‍ കാന്‍സര്‍ സാദ്ധ്യത തടയാന്‍ ആരോഗ്യ ശീലമായ ജീവിത ശൈലി സ്വീകരിക്കുകയും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു.
നേരത്തെയുള്ള കണ്ടെത്തലിലൂടെ കാന്‍സര്‍ രോഗ ബാധയും ആഘാതവും കുറയ്ക്കുകയാണ് കാന്‍സര്‍ മുക്ത ഭാരത് കാമ്പെയ്ന്‍ ലക്ഷ്യമിടുന്നതെന്നും ഡോ. ഗുപ്ത പറഞ്ഞു.