വിവാഹമെന്ന സംവിധാനം കാത്തുസൂക്ഷിക്കണം; അവിവാഹിതര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് അംഗീകരിക്കില്ല: സുപ്രീം കോടതി
ന്യൂഡെല്‍ഹി: രാജ്യത്തെ വിവാഹമെന്ന സംവിധാനം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും വിവാഹിതരല്ലാതെ സ്ത്രീകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീ കോടതി.
അവിവാഹിതയായ സ്ത്രീയെ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി കേട്ടത്.
വിവാഹത്തിലൂടെയല്ലാതെ കുട്ടികള്‍ക്ക് ജന്മം നല്‍കി വളര്‍ത്തുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. വിവാഹിതയായശേഷം അമ്മയാകുകയാണ് ഇവിടത്തെ നിയമം.
വിവാഹമെന്ന സംവിധാനത്തിനു പുറത്ത് അമ്മയാകുന്നത് ഇവിടെ നിലവിലുള്ള നിയമമല്ല. 44-ാം വയസ്സില്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടിയെ വളര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കും. വിവാഹിതയാകാന്‍ ഹര്‍ജിക്കാരിക്ക് താല്‍പ്പര്യമില്ല.
എന്നാല്‍ സമൂഹത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ അച്ഛനും അമ്മയും ആരാണെന്ന് അറിയാത്ത നിരവധി കുട്ടികളുണ്ട്. അവരെപ്പോലെയല്ല നമ്മള്‍. വിവാഹമെന്ന സംവിധാനം സംരക്ഷിക്കേണ്ടതുണ്ട്.
ശാസ്ത്രം ഏറെ പുരോഗമിച്ചുവെങ്കിലും സമൂഹത്തിലെ നിയമങ്ങള്‍ അതുപോലെയല്ല. ജീവിതത്തില്‍ എല്ലാം ലഭിക്കില്ലെന്നും അമ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിവാഹം കഴിക്കുകയോ ദത്തെടുക്കുകയോ ചെയ്യാമെന്നും കോടതി പറഞ്ഞു.
ഇന്ത്യയിലെ വാടക ഗര്‍ഭധാരണ നിയമം സെക്ഷന്‍ 2 (എസ്) പ്രകാരം വിധവയോ വിവാഹമോചനം നേടിയതോ ആയ 35-നും 45-നും ഇടയില്‍ പ്രായമുള്ള സ്ത്രീക്കു മാത്രമാണ് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ സാധിക്കുന്നത്. അവിവാഹിതര്‍ക്ക് സാധിക്കില്ല.
ഇതിനെ ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.