കത്തോലിക്കനായ അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലേയ് യഹൂദ മതം സ്വീകരിക്കുന്നു
ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയുടെ പ്രസിഡന്റ് ജാവിയര്‍ മിലേയ് യഹൂദ മതം സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മിലേയ് കത്തോലിക്കനായി വളര്‍ന്നെങ്കിലും യഹൂദ മതത്തില്‍ ദീര്‍ഘകാല താല്‍പ്പര്യം ഉള്ള വ്യക്തിയായിരുന്നു.
രാഷ്ട്രീയ ജാതി എന്നെ നിരന്തരം ആക്രമിക്കുന്ന ഒരു നിമിഷത്തില്‍ എനിക്ക് വളരെയധികം ആത്മീയ ശാന്തത നല്‍കുന്നുവെന്ന് ലാറ്റിനമേരിക്കന്‍ ടൈംസിനോട് പറഞ്ഞു.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നവംബറില്‍ വിജയിച്ച് ഡിസംബര്‍ 10-ന് ചുമതലയേറ്റിരുന്നു.
സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായി കരിയര്‍ തുടങ്ങിയ മിലെയ് എന്നും യിസ്രായേലിനോടും അമേരിക്കയോടും കൂറു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. മിലേയ് പതിവായി തോറ പഠിക്കുകയും ചബാദ് പ്രസ്ഥാനവുമായി അടുത്ത ബന്ധം കാണിക്കുകയും ചെയ്തു.
മിലേയ് കഴിഞ്ഞ ദിവസം യിസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം അര്‍ജന്റീന എംബസി ടെല്‍ അവീവില്‍നിന്നും യെരുശലേമിലേക്കു മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു.
തന്റെ വിജയത്തിനു തൊട്ടുപിന്നാലെ ന്യുയോര്‍ക്കിലെ ചബാദ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റബ്ബി മെനചെം റ്റെന്‍ഡല്‍ ഷ്നീര്‍സന്റെ ശവകുടീരം സന്ദര്‍ശിക്കുകയുമുണ്ടായി.
കൂടുതല്‍ ബന്ധം സ്ഥാപിക്കാനായി അദ്ദേഹം തന്റെ സ്വകാര്യ റബ്ബിയായ ഷിമോണ്‍ അക്സല്‍ വഹ്നിഷിനെ യിസ്രായേല്‍ അംബാസിഡര്‍ സ്ഥാനത്തേക്ക് നിയമിച്ചു. ഉദ്ഘാടന വേദിയില്‍ മിലേയയെ അനുഗ്രഹിക്കുവാന്‍ വഹ്നിഷനോടു ആവശ്യപ്പെട്ടു.
ഫെബ്രുവരി 9-ന് മിലേയ് യിസ്രായേല്‍ സന്ദര്‍ശിച്ചു. ഒക്ടോബര്‍ 7-ന്റെ ഹമാസ് ആക്രമണത്തിനുശേഷം യിസ്രായേല്‍ സന്ദര്‍ശിച്ച ആദ്യ ലാറ്റിനമേരിക്കന്‍ ഭരണത്തലവനായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
മാത്രമല്ല പ്രമുഖ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളും യിസ്രായേലിന്റെ ഇപ്പോഴത്തെ ഹമാസിനെതിരായ യുദ്ധത്തെ എതിര്‍ക്കുന്ന സമയത്താണ് ഈ യാത്രയെന്നതും എല്ലാവരേയും ഞെട്ടിച്ചു. താന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും കൂടിക്കാഴ്ചയും നടത്തി.
കൂടാതെ യെരുശലേമിലെ പടിഞ്ഞാറന്‍ മതില്‍, യാദ്വാഷെം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ഒക്ടോബര്‍ 7-ന് ആക്രമിക്കപ്പെട്ട കിച്ചെട്ട്സ് നിര്‍ഓസിലേക്കുള്ള യാത്രയും നടത്തി.
കത്തോലിക്കാ സഭയുടെ പരമോന്നത നേതാവായ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതൃരാജ്യക്കാരന്‍ കൂടിയായ മിലേയ് യഹൂദ മതം സ്വീകരിക്കുന്നതില്‍ ലോകം ഉറ്റു നോക്കുകയാണ്. മിലേയിയെ അര്‍ജന്റീനയുടെ ഡൊണാള്‍ഡ് ട്രംപ് എന്നാണ് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത്.

