സമാധാനം അത്യാവശ്യം
കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. പല കുടുംബങ്ങളിലും ഇത് സ്പഷ്ടമായിക്കാണാം. പരസ്പരമുള്ള സ്നേഹം ഇല്ലയ്മയാണ് കുടുംബ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ ഉണ്ടാകുവാനുള്ള പ്രധാന കാരണം.
ആദ്യ മനുഷ്യരായ ആദാം, ഹവ്വാ കുടുംബത്തില്‍ത്തന്നെ ഇത് വ്യക്തമായി നിഴലിച്ചിരുന്നു. അവരുടെ മക്കള്‍ കയീനും ഹാബേലും വ്യത്യസ്ത തൊഴില്‍ ചെയ്യുന്നവരായിരുന്നു. അവരുടെ ഇടയില്‍ സാത്താന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കയീനില്‍ സ്നേഹക്കുറവും കോപവും ഉണ്ടായതായി ദൈവവചനത്തില്‍നിന്നും നമുക്കു ഗ്രഹിക്കുവാന്‍ കഴിയുന്നു. അതിന്റെ ദുരന്ത ഫലമാണല്ലോ ഹാബേല്‍ താന്‍ സ്വന്ത സഹോദരനാല്‍ രക്തസാക്ഷിയാകേണ്ടി വന്നത്.
ഇന്നും ബഹുഭൂരിപക്ഷം കുടുംബങ്ങളിലും നമ്മുടെ പ്രതിയോഗിയായ പിശാച് പലവിധത്തിലുള്ള കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ട് ദൈവജനത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നു. അവിശ്വാസികളുടെ കുടുംബങ്ങളിലെ കാര്യങ്ങള്‍ എടുത്തു പറയേണ്ടതില്ലല്ലോ. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ആക്രമണവും ആത്മഹത്യയും കൊലപാതകങ്ങളും നടക്കുന്നു.
കുരുന്നു ജീവിതങ്ങള്‍ ഉള്‍പ്പെടെ അനേക വ്യക്തി ജീവിതങ്ങള്‍ അനാഥമായിക്കൊണ്ടിരിക്കുന്നു. പല ക്രൂരതകളുടെയും മുഖ്യ ഹേതു ധനത്തെ സംബന്ധിച്ചുള്ള വിഷയങ്ങളാണ്. ധനമോഹം വര്‍ദ്ധിച്ചു ജീവിത പങ്കാളിയെയും മാതാപിതാക്കളേയും മക്കളേയും, സഹോദരങ്ങളേയും ഇല്ലായ്മ ചെയ്യുന്ന ക്രൂരമായ സ്ഥിതവിശേഷമാണ് നമ്മുടെ നാട്ടില്‍ ഇന്ന് നടക്കുന്നത്.
നല്ലൊരു ശതമാനം കുടുംബങ്ങളിലും ഇന്ന് അസ്വസ്ഥതകള്‍ നിറഞ്ഞു നില്‍ക്കുന്നു. സമാധാനം നഷ്ടപ്പെട്ട ജീവിതങ്ങള്‍ . തങ്ങള്‍ എങ്ങനെ മുന്നോട്ടു ജീവിതം നയിക്കുമെന്നു അവിശ്വാസികള്‍ ഭാരപ്പെടുന്നു. അവരുടെ മതസംഹിതകള്‍ക്കോ, സംഘടനകള്‍ക്കോ, നേതാക്കന്‍മാര്‍ക്കോ അവരെ രക്ഷിക്കുവാന്‍ കഴിയാതെ വരുന്നു. ആശയറ്റവര്‍ ആത്മഹത്യകളില്‍ അഭയം തേടുന്നു.
യേശുവിന്റെ മരണത്തോടെ ശിഷ്യന്മാര്‍ അനാഥരായി എന്നു സ്വയം ചിന്തിച്ച് മുറിക്കുള്ളില്‍ ഭയപ്പെട്ടിരുന്നപ്പോള്‍ യേശു അവര്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് ആദ്യം പറഞ്ഞത് ‘നിങ്ങള്‍ക്ക് സമാധാനം’ എന്നാണ്.
നിരാശയും പട്ടിണിയും ഒറ്റപ്പെടലും, രോഗവുമൊക്കെ മനുഷ്യരെ ഭീതിപ്പെടുത്തുമ്പോള്‍ അവര്‍ക്ക് ആദ്യം വേണ്ടത് സമാധാനമാണ്. യേശു എല്ലാവര്‍ക്കും സമാധാനം നല്‍കുവാന്‍ അധികാരവും ദയയുമുള്ളവനുമാണ്. യേശുക്രിസ്തുവില്‍ നാം ആഴമായി ആശ്രയിക്കുമ്പോള്‍ നമുക്കു ദൈവീക സമാധാനം ലഭിക്കുവാനിടയാകും.
ക്രമേണ നമ്മുടെ ജീവിതത്തിനു ധൈര്യവും പ്രത്യാശയും ഉണ്ടാകുന്നു. പത്തിരട്ടി ഊര്‍ജ്ജം ലഭിച്ചവരായി നാം ശക്തിപ്രാപിക്കുന്നു. പിന്നെ ഒന്നിനെയും ഭയപ്പെടുവാനിടയാകുകയില്ല.
ദൈവവുമായി അടുത്തിടപഴകുമ്പോഴാണ് നമുക്ക് ദൈവീക സാന്നിദ്ധ്യം അനുഭവിക്കുവാനിടയാകുന്നത്. ഈ അവസ്ഥ ഒരു മഹാഭാഗ്യംതന്നെയാണ്.
പാസ്റ്റര്‍ ഷാജി. എസ്.