പ്രായമായാലും നരയ്ക്കില്ല, നീളന്‍ മുടിയുള്ള സ്ത്രീകളുടെ ഒരു ഗ്രാമം
ബീജിംഗ്: തലമുടി വളരെ ഭംഗിയായി കാത്തു പരിപാലിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ആണ് പെണ് വ്യത്യാസമില്ലാതെ എല്ലാവരും.
അതിനായി ഒട്ടനവധി പണം മുടക്കാനും ആര്‍ക്കും മടിയില്ലാത്ത ഈ കാലത്ത് വളരെ നിസ്സാരമായ പൊടിക്കൈകൊണ്ട് മുടി സംരക്ഷണം നടത്തി ലോകത്തെ ഞെട്ടിക്കുന്ന ഒരു ഗ്രാമമുണ്ട്. ചൈനയില്‍ ഹുവാങ്ഗ്ളോ എന്ന ഗ്രാമത്തില്‍ എവിടെ നോക്കിയാലും നീണ്ട മുടിക്കാരികളെ കാണാമെന്നാണ് റിപ്പോര്‍ട്ട്.
നീളന്‍ മുടിയുടെ ഗ്രാമമെന്ന് ഗിന്നസ് റിക്കോര്‍ഡ് വരെ സ്വന്തമാണ്. ഈ ഗ്രാമത്തിലെ യാവോ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട ഇവിടത്തെ സ്ത്രീകള്‍ക്ക് മുടി വിശുദ്ധ വസ്തുവാണ്. ഐശ്വര്യത്തിന്റെ പ്രതീകമാണ്. 2.1 മീറ്ററോളം നീളത്തിലാണ് ഇവിടുത്തെ സ്ത്രീകള്‍ മുടി നീട്ടി വളര്‍ത്തുന്നത്.
കറുത്ത നീണ്ട മുടി പ്രായമായാല്‍പ്പോലും നരയ്ക്കാറില്ലത്രെ. മുടി വളരാനുള്ള സൂത്രവിദ്യയാണ് ബഹു രസം. കഞ്ഞിവെള്ളം. ദിവസവും കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകും. വളരെ പണ്ടു മുതല്ക്കേ ഇവരുടെ മുടിയില്‍ നോക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല.
അന്യര്‍ കണ്ടുപോയാല്‍ അവര്‍ ആ യുവതിയുടെ വീട്ടില്‍ മരുമകനായി മൂന്നു വര്‍ഷം കഴിയേണ്ടി വരും. എന്നാല്‍ ഇത്രയും കഠിനമായ ശിക്ഷയുള്ള ആചാരങ്ങളൊന്നും ഇപ്പോള്‍ ഇവര്‍ പാലിക്കാറില്ല.
ഇപ്പോള്‍ മുടി നീട്ടി വളര്‍ത്തുന്ന സ്ത്രീകള്‍ ആ ഗ്രാമത്തിന്റെ ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തുകയാണ്. വിനോദ സഞ്ചാരികള്‍ക്കു മുമ്പില്‍ മുടി നീട്ടി നടത്തം ചെയ്ത് പ്രതിമാസം 20,000 അധികം രൂപയാണ് ഇവര്‍ സമ്പാദിക്കുന്നത്.
82 വീടുകളിലായി 400 പേരാണ് ഈ ഗ്രാമത്തിലുള്ളത്. ഈ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവിടത്തെ സ്ത്രീകള്‍ മുടി വെട്ടുന്നത്. അത് 18-ാം വയസ്സില്‍ മാത്രം.

