അര്‍ജന്റിനയിലെ തടാകത്തില്‍ സൂഷ്മ ജീവികളുടെ വന്‍ സാന്നിദ്ധ്യം; ഭൂമിയിലെ ആദ്യ ജീവനെക്കുറിച്ച് പഠനം
അര്‍ജന്റീനയിലെ അറ്റക്കാമ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തില്‍ ചരിത്രാതീത കാലത്തെ സൂഷ്മ ജീവികളുടെ വന്‍ സാന്നിദ്ധ്യം ഗവേഷകര്‍ കണ്ടെത്തി.
വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ വിചിത്രമായ ജലശ്രോതസ്സുകളുടെ ശൃംഖല ഉപഗ്രഹചിത്രം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഈ തടാകവും ഇതിനോട് ചേര്‍ന്ന് ഒരു ഉപ്പ് നിലവും കണ്ടെത്താനിടയായത്.
ഭൂമിയില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന പ്രകൃതി വൈവിധ്യമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പുനാ ഡി അറ്റക്കാമ എന്നറിയപ്പെടുന്ന ഈ ബ്രഹത്തായ പീഠഭൂമി അര്‍ജന്റീനയുടെയും ചിലിയുടെയും അതിര്‍ത്തിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
വരണ്ടതും ഉയര്‍ന്നതുമായ പരിസ്ഥിതി സാഹചര്യങ്ങള്‍ കൊണ്ട് വളരെ കുറച്ച് മൃഗങ്ങളും സസ്യങ്ങളും മാത്രമാണ് ഇവിടെയുള്ളതെന്നും ഗവേഷകര്‍ പറയുന്നു.
സൂര്യ പ്രകാശം വളരെ കൂടിയ അളവില്‍ ലഭിക്കുന്നതും ഇവിടെ സസ്യങ്ങള്‍ വളരുന്നതിന തടസ്സം നില്‍ക്കുന്നു. തടാകങ്ങളിലെ പാറക്കെട്ടുകള്‍ കേന്ദ്രീകരിച്ചാണ് അതിവിപുലമായ സൂഷ്മജീവികളുടെ ശേഖരം കണ്ടെത്തിയത്.
ഭൂമിയില്‍ ആദ്യം ഉടലെടുത്ത ജീവനെക്കുറിച്ച് നിര്‍ണ്ണായകമായ വിവരങ്ങള്‍ ഇവിടെനിന്നു ലഭിച്ചേക്കാമെന്ന ശുഭാപ്തി വിശ്വാസം ഗവേഷകര്‍ പങ്കുവെച്ചു.
ഉപ്പു നിറഞ്ഞതും ആഴം കുറവുള്ളതുമായ 12 കുളങ്ങള്‍ ചേര്‍ന്നതാണ് പുതുതായി കണ്ടെത്തിയ തടാകം. ഇതിനൊപ്പം മലകളും ചേര്‍ന്നതാണ് ഈ ഭൂപ്രദേശം. 25 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഒരു മേഖലയാണിത്.
തടാകത്തിന്റെ ഉപരിതല ജലത്തിന്റെ കീഴില്‍ മറഞ്ഞു കിടക്കുന്ന 15 അടി വരെ മാത്രം പൊക്കമുള്ള ചെറു കുന്നുകളിലാണ് സൂഷ്മ ജീവികളുടെ സാന്നിദ്ധ്യമുള്ളത്.
ഇവിടങ്ങളില്‍ നടത്തുന്ന പരീക്ഷണം ചൊവ്വായിലും മറ്റുമുണ്ടായിരുന്നെന്നും വിശ്വസിക്കപ്പെടുന്ന ആദിമ ജീവനെ കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
സയനോ ബാക്ടീരിയ, ആര്‍ക്കിയ തുടങ്ങിയ സൂഷ്മ ജീവി സമൂഹങ്ങളാണ് ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ളതെന്നും യു.എസിലെ കൊളറാഡോ സര്‍വ്വകലാശാലയിലെ ജിയോളജിക്കല്‍ സയന്‍സസ് വിഭാഗം അസോഷ്യേറ്റ് പ്രൊഫസറായ ബ്രയന്‍ ഹൈനെക്കും പരിസ്ഥിതി കണ്‍സള്‍ട്ടി സ്ഥാപനമായ പുന ബയോ സ്ഥാപക മരിയ ഫറിയാസും ചേര്‍ന്നു അനേക കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് ഈ അപൂര്‍വ്വ പരിസ്ഥിതി മേഖല കണ്ടെത്തിയത്.

