കോവിഡ് ബാധിച്ചവരില്‍ ഡെങ്കിപ്പനിക്ക് സാധ്യത കൂടുതലെന്ന് കണ്ടെത്തല്‍
ഗുരുഗ്രാം: കോവിഡ് ബാധിച്ചവരില്‍ ഡെങ്കിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. കോവിഡ് രോഗബാധയെത്തുടര്‍ന്ന് ശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ആന്റിബോഡി ഡെങ്കി വൈറസുകള്‍ക്ക് വേഗത്തില്‍ ശരീരത്തിലെ കോശങ്ങളില്‍ പ്രവേശിക്കാന്‍ കാരണമാകുന്നു.
ഹരിയാനയിലെ ട്രാന്‍സ്ളേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബ് കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ലോകമെങ്ങും ഡെങ്കിപ്പനി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പഠനം നടത്തിയത്.
സാധാരണ ഗതിയില്‍ ഒരു വൈറസിനെതിരെ ശരീരം ഉദ്പ്പാദിപ്പിക്കുന്ന ആന്റി ബോഡി മറ്റൊരു വൈറസിനെ തിരിച്ചറിയില്ല. എന്നാല്‍ കോവിഡ് ബാധയെത്തുടര്‍ന്ന് ശരീരം ഉദ്പ്പാദിപ്പിക്കുന്ന ആന്റിബോഡി ഡെങ്കി വൈറസിലെ പ്രോട്ടീനും പരസ്പരം പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുണ്ടെന്നു പഠനം കണ്ടെത്തി.
ഈ പ്രവര്‍ത്തനം പില്‍ക്കാലത്ത് ഡെങ്കിപ്പനി ബാധയുടെ തീവ്രത കൂട്ടുന്നുണ്ടോയെന്ന് വ്യക്തമല്ല. അതുകൊണ്ട് ഈ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
കോവിഡ് മഹാമാരിക്കുശേഷം ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവരുടെ സംഖ്യ കൂടുതലാണ്. എന്നാല്‍ മരണ നിരക്ക് കൂടിയിട്ടുണ്ടോ എന്നതിന് തെളിവില്ല.
ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകണമെങ്കില്‍ 2020-നു മുമ്പ് ഡെങ്കിപ്പനി ബാധിച്ചവരിലെ മരണനിരക്കുമായി ഒത്തു നോക്കണം. അത് ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.