വേണം വേര്‍പെട്ട ജീവിതം

വേണം വേര്‍പെട്ട ജീവിതം

Articles Breaking News Editorials

വേണം വേര്‍പെട്ട ജീവിതം

ക്രൈസ്തവ വിശ്വാസികള്‍ എന്ന പേരില്‍ അറിയപ്പെടുവാന്‍ പണ്ടെത്തെപ്പോലെ ഇന്ന് ആര്‍ക്കും ലജ്ജ ഇല്ലാതായി.പണ്ട് ക്രിസ്ത്യാനി എന്ന് പരസ്യമായി പറയുവാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നു.

അതിനു പിന്നിലെ രഹസ്യങ്ങള്‍ പലതാണ്. അതില്‍ ചിലത് ചിലര്‍ക്ക് ഭയംകൊണ്ട് പറയുവാന്‍ പേടി, മറ്റുചിലര്‍ക്ക് ലോകത്തില്‍ നിന്ന് വേറിട്ട ജീവിതം നയിക്കുവാന്‍ മടി, മൂന്നാമതായി കഷ്ടതകള്‍ സഹിക്കുവാനുള്ള സഹിഷ്ണതയില്ലായ്മ എന്നിവയായിരുന്നു കാരണങ്ങളില്‍ ചിലത്.

അതില്‍ രണ്ടാമത് സൂചിപ്പിച്ച ചില കാരണങ്ങളെപ്പറ്റി ഓര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അക്രൈസ്തവര്‍ എങ്ങനെ ജീവിച്ചാലും ആരും പഴിപറയത്തില്ല. എന്നാല്‍ ക്രൈസ്തവര്‍ അക്രൈസ്തവര്‍ ജീവിക്കുന്ന ശൈലിയില്‍ ജീവിച്ചാല്‍ അത് ശ്രദ്ധിക്കപ്പെടും. വേഷത്തിലും ഭാഷാസംസ്കാരത്തിലും ജീവിതാചാരക്രമത്തിലും ക്രൈസ്തവര്‍ വ്യത്യസ്ഥമായി മാതൃക കാട്ടേണ്ടവരാണ്.

എന്നാല്‍ ഇന്ന് ക്രൈസ്തവരും അക്രൈസ്തവരും തമ്മില്‍ വ്യത്യാസമില്ലാത്ത ജീവിത സംസ്കാരമാണ് പലരിലും കണ്ടുവരുന്നത്. പ്രത്യേകിച്ച് നാമധേയ ക്രൈസ്തവരായ പൌരോഹിത്യ സഭക്കാര്‍ അവരുടെ ജീവിതത്തിലും ആരാധനയിലും ക്ഷേത്രങ്ങളിലെ സാമ്യമുള്ള ആചാരഅനുഷ്ടാനങ്ങളിലും ജീവിത ശൈലികളും പ്രാവര്‍ത്തികമാക്കിവരുന്നു.

പ്രത്യേകിച്ച് ക്രൈസ്തവര്‍ എന്ന് അഭിമാനിക്കുന്നവര്‍ ജീവിത സംശുദ്ധി, സാന്‍മാര്‍ഗ്ഗിക ജീവിതം, ക്ഷമ, വിശ്വസ്തത എന്നിവ കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജിതരാണ്. പെന്തക്കോസ്ത് വിശ്വാസികളിലും ഈ ദുര്‍നടപടികള്‍ ഒളിഞ്ഞും തെളിഞ്ഞും കണ്ടുവരുന്നു. വേഷത്തില്‍ പ്രത്യേകിച്ച് കുട്ടികളും യുവതലമുറകളും ലജ്ജാകരമായ രീതിയിലാണ് വസ്ത്രങ്ങള്‍ ധരിക്കുക. സിനിമാ നടന്‍മാരെയും നടികളെയും അനുകരിച്ചു വേഷം ധരിക്കുന്നവരും ഹെയര്‍സ്റ്റൈല്‍ ഉണ്ടാക്കുന്നവരും പെരുകിവരികയാണ്.

പലപ്പോഴും ഇറുകിയ വസ്ത്രം ധരിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ലജ്ജയായി തോന്നാറുണ്ട്. പലകുട്ടികളും കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നതും പതിവാണ്. ഈ രീതികള്‍കൊണ്ടൊക്കെത്തന്നെയാണ് ഞാന്‍ ആദ്യം പറഞ്ഞത് ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ പഴയതുപോലെ ലജ്ജയില്ലെന്ന് ഇവര്‍ക്കു തോന്നാന്‍ കാരണം. ഇവര്‍ ധരിച്ചുവെക്കുന്നത് പുതുതലമുറ ഫാഷന്‍ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതരാണ്, അതുകൊണ്ട് എങ്ങെനെ ജീവിച്ചാലും മതിയെന്നാണ്.

പലമക്കള്‍ക്കും സര്‍വ്വവിധ പിന്‍തുണയുമായി സ്വന്തം മാതാപിതാക്കളും രംഗത്തുവരുന്നതാണ് ഏറെ രസകരം. തങ്ങളുടെ മക്കള്‍ ബൈബിളിലധിഷ്ഠിതമായ ജീവിത ശൈലിയില്‍ ജീവിക്കണമെന്നോ പൂര്‍വ്വ പിതാക്കന്‍മാരായ വിശുദ്ധന്മാര്‍ കാത്തുസൂക്ഷിച്ച വിശുദ്ധിയും വേര്‍പാടും പുതുതലമുറ അനുകരിക്കണമെന്നോ നിര്‍ബന്ധമില്ലെന്നു തോന്നിപ്പോകുന്നു.

മറ്റുള്ള വിശുദ്ധന്‍മാരുടെ നല്ലഗുണങ്ങള്‍ ജീവിതത്തില്‍ പാലിപ്പാന്‍ ഇവര്‍ സന്നദ്ധരാകുന്നില്ല എന്നതാണ് വാസ്തവം. യുവജനങ്ങള്‍ സ്വന്തമായി തീരുമാനം എടുക്കണം. ദൈവഹിതമല്ലാത്ത ജീവിതശൈലി ഇനി നയിക്കുകയില്ല. മര്യാദയുള്ള നല്ല ദൈവപൈതലായി ജീവിക്കും.

വചനം പറയുന്നു “നിന്റെ യൌവ്വനകാലത്ത് നിന്റെ സൃഷ്ടാവിനെ ഓര്‍ത്തുകൊള്‍ക, ദുര്‍ ദിവസങ്ങള്‍ വരികയും എനിക്ക് ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കുകയും ചെയ്യും മുമ്പേ തന്നെ” (സഭാപ്രസംഗി.12:1). സൃഷ്ടാവായ ദൈവത്തെ മാത്രം മുന്‍നിര്‍ത്തി ജീവിക്കുവാന്‍ എല്ലാവരും തയ്യാറാകുക.
പാസ്റ്റര്‍ ഷാജി. എസ്.