രാജ്യത്ത് 90 ശതമാനം പ്രദേശങ്ങളിലും അപകടകരമായ ഉഷ്ണ തരംഗ സാധ്യതയെന്ന് പഠനം
ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രാജ്യത്ത് ഇടയ്ക്കിടെ ഗുരുതരമായ ഉഷ്ണ തരംഗത്തിന് ഇടയാകുമെന്നും രാജ്യത്തിന്റെ 90 ശതമാനം മേഖലയിലും ഉഷ്ണ തരംഗ സാധ്യതയുള്ള അപകടമേഖലയാണെന്നും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ രമിത് ഉദണ്ഡനനും സഹപ്രവര്‍ത്തകരം നടത്തിയ പഠനത്തിലാണ് പുതിയ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ . ഡല്‍ഹി മേഖല പൂര്‍ണമായി ഗുരുതര ഉഷ്ണതരംഗത്തിന് വിധേയമാകുന്നുണ്ട്.
യു.എന്നിന്റെ സുസ്ഥിര വികസനമെന്ന ലക്ഷ്യം നേടുന്നതില്‍ ഉഷ്ണ തരംഗങ്ങള്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയില്‍നിന്നും ഉയര്‍ന്ന ചൂടായിരിക്കും അനുഭവപ്പെടുക എന്ന് കാലാവസ്ഥാ വകുപ്പ് ഈ മാസം ആദ്യം മുന്നറിയിപ്പു നല്‍കിയിരുന്നു.
50 വര്‍ഷത്തിനിടയില്‍ 17,000 ത്തിലധികം പേര്‍ ഇന്ത്യയില്‍ ഉഷ്ണ തരംഗം മൂലം മരണപ്പെട്ടിട്ടുണ്ട്. ഹീറ്റ് ഇന്‍ഡക്സ് പ്രകാരം ഇന്ത്യയുടെ 90 ശതമാനം ഭാഗവും അപകടകരമായ ഉഷ്ണ തരംഗം സംഭവിക്കുന്ന മേഖലയാണെന്ന് പഠനത്തില്‍ പറയുന്നു.
ഉഷ്ണവും ആര്‍ദ്രതയും കണക്കിലെടുത്ത് ചൂട് എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ ബാധിക്കുന്നതെന്ന് കണക്കാക്കുന്നതാണ് ഹീറ്റ് ഇന്‍ഡക്സ്.

