ശാസിക്കപ്പെടാത്ത തലമുറകള്‍

ശാസിക്കപ്പെടാത്ത തലമുറകള്‍

Articles Breaking News Editorials

ശാസിക്കപ്പെടാത്ത തലമുറകള്‍
1 ശമു. 3:13 അവന്റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടു ഞാന്‍ അവന്റെ ഭവനത്തിനു എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാന്‍ അവനോടു കല്‍പ്പിച്ചിരിക്കുന്നു.

നന്മ ചെയ്യുവാന്‍ കഴിയാത്ത അധികാരികള്‍ ‍, നന്മ എന്തെന്നു തിരിച്ചറിവില്ലാത്ത തലമുറകള്‍ ഇവ രണ്ടും ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രധാന രണ്ട് ഘടകങ്ങളാണ്.

മുഖം കനപ്പിച്ചു കാണിക്കുമ്പോള്‍ കണ്ണു നനയിച്ചു കാണിക്കുമ്പോള്‍ മാതാപിതാക്കള്‍ മക്കളുടെ ആഗ്രഹത്തിന് എതിര്‍ നില്‍ക്കാതാകുന്നു. മക്കള്‍ സഞ്ചരിക്കുന്ന വഴി ഏതെന്ന് അന്വേഷിച്ചറിയാത്ത മാതാപിതാക്കള്‍ ഏലി പുരോഹിതനെപ്പോലെയാണ്. മക്കളുടെ നാശത്തിന് സ്വയം ഹേതുവായിത്തീരുന്നു.

ദൈവത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ന്യായപ്രമാണം ഉപദേശിച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ ദൈവവിശ്വാസത്തെ തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുന്ന മാതാപിതാക്കള്‍ അന്ന് യിസ്രായേലില്‍ വിരളമായിരുന്നു.

പുരോഹിതനായിരുന്നിട്ടുകൂടി ഏലിയുടെ മക്കള്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല. അതുപോലെതന്നെ ദൈവവേലയ്ക്കായി ദൈവാലയത്തില്‍ സമര്‍പ്പിക്കപ്പെട്ട ശമുവേല്‍ ബാലനും ദൈവത്തെക്കുറിച്ച് അറിയില്ലായിരുന്നു. 1 ശമു. 3:7. “ശമുവേല്‍ അന്നു വരെ യഹോവയെ അറിഞ്ഞിരുന്നില്ല”.

മുലകുടി മാറിയപ്പോള്‍ത്തന്നെ ഹന്ന ബാലനെ ദൈവാലയത്തില്‍ കൊണ്ടാക്കിയിരുന്നു. അവിടെയുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ ചുമതലയായിരുന്നു പുതിയ തലമുറയ്ക്ക് ദൈവത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നുകൊടുക്കുക എന്നുള്ളത്. അവര്‍ വലിയ തോല്‍വിയായിത്തീര്‍ന്നു. അതുകൊണ്ടുതന്നെ ദൈവവിളി ശമുവേല്‍ ബാലന് തിരിച്ചറിയുവാന്‍ കഴിയാതെ പോയി.

നന്മ തിന്മകള്‍ ദൈവികവും സാത്താനികവും ഏതെന്ന് തിരിച്ചറിയേണ്ടതിന് ഉത്തരവാദിത്വപ്പെട്ടവര്‍ വിശ്വാസം തലമുറയ്ക്കു പകര്‍ന്നു തല്‍കുക.

2 രാജ. 21:3. തന്റെ അപ്പനായ ഹിസ്ക്കിയാവ് നശിപ്പിച്ചു കളഞ്ഞിരുന്ന പൂജാഗിരികളെ അവന്‍ വീണ്ടും പണിതു. ബാലിനു ബലിപീഠങ്ങള്‍ ഉണ്ടാക്കി, യിസ്രായേല്‍ രാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേര പ്രതിഷ്ഠ പ്രതിഷ്ഠിച്ചു, ആകാശത്തിലെ സര്‍വ്വ സൈന്യത്തെയും നമസ്ക്കരിച്ചു സേവിച്ചു.

മനശ്ശെയും രാജാവായപ്പോള്‍ ചുമതലപ്പെട്ടവര്‍ ദൈവകല്‍പ്പനകളും അവന്റെ പിതാവ് ദൈവത്തെ കോപിപ്പിക്കാതെ ദൈവത്തിനു ഇഷ്ടമുള്ളത് ചെയ്തത് എന്തെന്ന് ഉള്ള അറിവ് കൊടുത്തിരുന്നു എങ്കില്‍ യിസ്രായേല്‍ പ്രവാസത്തിലേക്ക് പോകേണ്ടി വരില്ലായിരുന്നു.

നമ്മുടെ വിശ്വാസം നല്‍കപ്പെടേണ്ടവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിലൂടെ വലിയ അനര്‍ത്ഥത്തില്‍നിന്നും രക്ഷപെടാന്‍ കഴിയും.
വഴി ഏതെന്ന് അറിഞ്ഞാല്‍ വഴി തെറ്റില്ല. മക്കളെ യേശുക്രിസ്തുവാകുന്ന വഴിയില്‍കൂടി നടത്തിക്കുവാന്‍ ഈ വല്ലാത്ത ദുഷ്ക്കാലത്തില്‍ മാതാപിതാക്കള്‍ വളരെയേറെ ശ്രദ്ധിക്കണം.

സാത്താന്‍ എന്ന പഴയ പാമ്പ് ലോകത്തിന്റെ എല്ലാ വഴികളിലും ഓരോ ആത്മാവിനെയും നാശത്തിലേക്ക് ആക്കുവാന്‍ ചതിക്കുഴികള്‍ ഒരുക്കി കാത്തിരിക്കുകയാണ്.

ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമാം വണ്ണം നടപ്പിന്‍ ‍. ഫിലി. 1:27-ല്‍ എഴുതിയിരിക്കും പ്രകാരം ആയിരിക്കണം ദൈവമക്കള്‍ നടക്കേണ്ടത്.
പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.