ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദേശ വായ്പയും നിര്‍ത്തി കേന്ദ്രം
ന്യൂഡെല്‍ഹി: മൌലാനാ ആസാദ് ദേശീയ ഫെലോഷിപ്പ് നിര്‍ത്തിയതിനു പിന്നാലെ വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി.
ഈ അദ്ധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് ഇന്ത്യന്‍ ബാങ്ക്സ് അസ്സോസിയേഷന്‍ (ഐബിഎ) വിജ്ഞാപനം നല്‍കി.
മുസ്ളീം, ക്രിസ്ത്യന്‍ , സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളില്‍പ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശങ്ങളില്‍ ഉന്നത പഠനത്തിനു യോഗ്യത നേടുകയാണെങ്കില്‍ സാമ്പത്തികമായി സഹായിക്കുന്നതിനാണ് വിദ്യാഭ്യാസ വായ്പാ പദ്ധതി നടപ്പാക്കിയത്.
പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷമോ, ജോലി ലഭിച്ച് ആറുമാസമോ കഴിഞ്ഞ് തിരിച്ചടവ് ആരംഭിക്കുന്ന വിദ്യാഭ്യാസ വായ്പയ്ക്ക് സര്‍ക്കാര്‍ പലിശ സബ്സീഡി നല്‍കും.
വായ്പയ്ക്ക് വരുമാന പരിധിയില്ലെങ്കിലും ആറുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍പ്പെട്ടവര്‍ക്കാണ് പലിശ സബ്സീഡിയ്ക്ക് അര്‍ഹതയുണ്ടാവുക.
ആകെ വായ്പയില്‍ 35 ശതമാനം ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. 2006-ല്‍ പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയുടെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പിനു കീഴില്‍ ആരംഭിച്ചതാണ് ഈ പദ്ധതി.
നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതിയുടെ വായ്പ അനുവദിക്കേണ്ടതില്ലെന്നാണ് കഴിഞ്ഞ മാസം ഐബിഎ നല്‍കിയ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുള്ളത്.
എന്നാല്‍ മാര്‍ച്ച് 31 വരെയുള്ള ഗുണഭോക്താക്കള്‍ക്ക് പലിശ സബ്സീഡി ആനുകൂല്യം ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.