സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ)

സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ)

Articles Breaking News Editorials

സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ)

സ്വന്തം മാതാപിതാക്കള്‍ പെറ്റു വളര്‍ത്തിയ മക്കളെ കൊല്ലുന്ന കാലമാണിത്. യാതൊരു മനഃസാക്ഷിയോ ദയയോ ഇല്ലാതെ മൃഗങ്ങളെ കൊല്ലുന്ന ലാഘവത്തോടെ തങ്ങളുടെ രക്തത്തില്‍ പിറന്ന തലമുറകളെ നശിപ്പിക്കുന്നത് ഏറ്റവും മ്ളേച്ഛകരമായ നടപടികളാണ്.

അപ്പന്‍ കാമുകിക്കും, രണ്ടാം ഭാര്യയ്ക്കും, അമ്മ കാമുകനും രണ്ടാം ഭര്‍ത്താവിനും ഒപ്പം താമസിക്കുവാനുള്ള വെമ്പലില്‍ സ്വന്തം മക്കളെ കൊല ചെയ്യുന്നു. ടെലിവിഷന്‍ ഓണ്‍ ചെയ്ത് വാര്‍ത്ത വെച്ചാലും രാവിലെ ദിനപത്രം തുറന്നു നോക്കുമ്പോഴും കാണുന്ന വാര്‍ത്തകളില്‍ പ്രധാനം ഇത്തരം സംഭവങ്ങള്‍ തന്നെയാണ്. ഇതൊക്കെകണ്ട് സമൂഹത്തിന്റെ മനസ്സ് മരവിച്ചിരിക്കുകയാണ്. സ്വന്തം മക്കള്‍ക്ക് ഈ ഭൂമിയില്‍ ആശ്രയം ദൈവം കഴിഞ്ഞാല്‍ മാതാപിതാക്കളാണ്.

മക്കളുടെ സംരക്ഷകരാകേണ്ട മാതാപിതാക്കള്‍ത്തന്നെ അവരുടെ ഘാതകരായാല്‍ എന്തു ചെയ്യും? ഇതൊക്കെ മനുഷ്യന്‍ എത്രമാത്രം അധഃപതിച്ചു എന്നതിന് വ്യക്തമായ തെളിവുകളാണ്.

മനുഷ്യനെ തെറ്റിലേക്കും പാപത്തിലേക്കും നയിക്കുവാന്‍ പ്രേരണ നല്‍കുന്നതാണ് അമിതമായ ലൈംഗിക സുഖങ്ങളും, അര്‍ഹത ഇല്ലാത്ത പരബന്ധങ്ങളും, പണത്തോടുള്ള ആര്‍ത്തിയും. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താനും. ഏദെന്‍ തോട്ടത്തില്‍ നമ്മുടെ പൂര്‍വ്വികരായ ആദാമിനെയും ഹവ്വായേയും വഞ്ചിച്ച അതേ സാത്താന്‍ മനുഷ്യവര്‍ഗ്ഗത്തെ നശിപ്പിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.

സാത്താന്റെ പ്രവര്‍ത്തികളെ ജയിക്കുവാന്‍ ഈ ലോകത്തെ നിയമ വ്യവസ്ഥകളാലോ, ശിക്ഷകളാലോ കഴിഞ്ഞെന്നു വരികില്ല. അകൃത്യങ്ങളും, കൊലപാതകങ്ങളും, മ്ളേച്ഛതകളും പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുവാന്‍ നമ്മുടെ ഭരണഘടനയ്ക്കു വ്യവസ്ഥകളുണ്ടെങ്കിലും അതൊന്നും ആരും ഭയക്കുന്നില്ല എന്നതാണ് സത്യം.

എന്നാല്‍ സകല പാപങ്ങളേയും പൊറുക്കുന്നവനും അതിനുള്ള ശിക്ഷാനടപടികള്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ നല്‍കുവാനും ശക്തന്‍ യഹോവയായ ദൈവം മാത്രമാണ്. മക്കള്‍ ദൈവത്തിന്റെ ദാനമാണ്. ദൈവം മനസ്സുവെയ്ക്കാതെ ആര്‍ക്കും സന്തതികളുണ്ടാകുകയില്ല.

സന്തതികളുണ്ടായാല്‍ അവരെ എങ്ങനെ സംരക്ഷിക്കുമെന്നും വളര്‍ത്തുമെന്നും മുന്‍കൂട്ടി അറിയാവുന്ന ഏക ശക്തി ദൈവം മാത്രമാണ്. ബൈബിള്‍ പറയുന്നു മക്കള്‍ യഹോവ നല്‍കുന്ന അവകാശവും ഉദരഫലം അവന്‍ നല്‍കുന്ന പ്രതിഫലവും തന്നെ. (സങ്കീ.127:3).

നമ്മുടെ ഉദരഫലം ദൈവം നമുക്കു നല്‍കുന്ന പ്രതിഫലമാണ്. ഈ ലോകത്ത് എത്രയോ പേര്‍ മക്കളില്ലാത്തവരായി കഴിയുന്നു. അവരുടെ ഭാരവും വേദനയും അവരുടെ കണ്ണുകളിലൂടെയോ, പ്രവര്‍ത്തികളിലൂടെയോ ദര്‍ശിക്കുവാന്‍ കഴിയും.

മക്കളില്ലാത്തവര്‍ മറ്റുള്ളവരുടെ മക്കളുടെ പ്രയാസങ്ങളിലോ, ബുദ്ധിമുട്ടുകളിലോ സഹായിക്കുവാന്‍ കഴിയുന്നവരാണ്. ആഹാരത്തിനും, വിദ്യാഭ്യാസം ചെയ്യുവാനും, വസ്ത്രം ഇടുവാനും നിവൃത്തിയില്ലാതെ തെരുവുകളില്‍ അലയുന്നവര്‍ എത്രയോ പേര്‍? സ്വന്തം സഭകളില്‍പോലും കണ്ണുനീര്‍ കുടിക്കുന്നവര്‍ എത്രയോ ജീവിതങ്ങള്‍.

സ്വന്തം മക്കളെ സ്നേഹിക്കുക, അവര്‍ക്കുവേണ്ടി കരുതുക. നാം സ്വരൂപിച്ചുകൂട്ടിവെച്ചത് ആര്‍ക്കാണ്. ഉറച്ചുനിന്നാല്‍ നാം എല്ലാവരും ഒരു ശ്വാസം അത്രെ. കുടുംബത്തില്‍ നമ്മുടെ സ്വന്തം എന്നു പറയുന്നത് അനുഭവിക്കുന്നത് ഒരു സുപ്രഭാതത്തില്‍ മറ്റുള്ളവരാകരുത്.

അതിന് ഇടം ഉണ്ടാക്കിക്കരുത്. ദൈവവചനം ഉള്ളില്‍ ഉള്ളവര്‍ക്കേ ദൈവസ്നേഹം ഉണ്ടാവുകയുള്ളു. ദുഃഖത്തിന് കാരണമാകുവാന്‍ ഇടവരരുത്. ദൈവം നമ്മളെ കാത്തുപരിപാലിക്കട്ടെ.

പാസ്റ്റര്‍ ഷാജി. എസ്.