കുറ്റകൃത്യങ്ങളുടെ പ്രചോദനങ്ങള്‍
കേരളം കുറ്റവാളികളുടെ നാടാണോ എന്ന് പലരും ചോദിക്കാറുണ്ട്. മലയാളി മനസ്സിലെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ദുഷ്പ്രവര്‍ത്തനങ്ങളാണ് മോഷണവും ഗുണ്ടാവിളയാട്ടവും. ഇത് ജനങ്ങളെ ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്ന ദുഷിച്ച പ്രവണതകളാണ്.
ഇതുമൂലം മലയാളികള്‍ക്ക് സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയാത്ത സ്ഥിതിയായിരിക്കുന്നു. തങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടയിടുവാന്‍ മേലധികാരികള്‍ക്കും കഴിയാതെ പോകുന്നു.
മേല്‍ വിവരിച്ച രണ്ടു കുറ്റകൃത്യങ്ങളുടെയും സൂത്രധാരകനും അവതാരകരും ഈ നാട്ടിലെതന്നെ ചെറുപ്പക്കാരാണെന്നതാണ് സത്യം. ഇതില്‍ പലരും സമ്പന്നകുടുംബത്തിലെ അംഗങ്ങളും വിദ്യാസമ്പന്നരുമാണ്. ഇത്തരം പ്രവൃത്തികളിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ആഡംബരജീവിതവും മറ്റുള്ളവരുടെ മുമ്പില്‍ ഹീറോയായി അവതരിക്കുവാനുള്ള മോഹവും ആണ്.
ഇതിനുവേണ്ടി പാവപ്പെട്ടവന്റെയും പണക്കാരന്റെയും മക്കള്‍ ഒരുപോലെ കൈകോര്‍ത്തു പിടിക്കുന്നത് തങ്ങളുടെ ജഡികമോഹത്തിന്റെ മായിക വലയത്തില്‍ അകപ്പെട്ടുപോയതുകൊണ്ടാണ്.
കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്ന യുവാക്കളെ പഠിച്ചാല്‍ ഒരു പ്രധാനപ്പെട്ട യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ സാധിക്കും. ദൈവാശ്രയമില്ലായ്മയും അതുമൂലം ജീവിതത്തില്‍ സംഭവിച്ച ആത്മീകശോഷണവുമാണ് ഇതിനു മുഖ്യകാരണം.
ഇത്തരക്കാരായ ചെറുപ്പക്കാര്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുവാന്‍ കാരണം ഇവര്‍ക്ക് ആഹാരത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ കുറവല്ല. മറിച്ച് ദൈവവചനം ഹൃദയത്തില്‍ രൂപാന്തരപ്പെടാത്തതാണ്. എങ്കില്‍ അതിനു കാരണക്കാര്‍ മാതാപിതാക്കളും ബന്ധുക്കളുമാണ്.
ലോകപ്രശസ്ത റഷ്യന്‍ വിപ്ളവനേതാവ് ട്രോട്സ്തി ബാലനായിരുന്നപ്പോള്‍ ഒരു സണ്ടേസ്ക്കൂളില്‍ വളരെ ഉത്സാഹത്തോടെ ആദ്യമായി ദൈവവചനം പഠിക്കുവാന്‍ചെന്നു. എന്നാല്‍ അന്ന് അദ്ധ്യാപകരാരും വന്നിരുന്നില്ല. ട്രോട്സ്തി കുറെ സമയം ക്ഷമയോടെ കാത്തിരുന്നശേഷം സ്വന്തഭവനത്തിലേക്ക് തിരിച്ചുപോയി.
പിന്നീട് 1917-ല്‍ റഷ്യയില്‍ ആരംഭിച്ച ബോള്‍ഷെവിക്ക് വിപ്ളവത്തിന്റെ നേതാവായി ട്രോട്സ്തി പ്രഗത്ഭനായി പ്രവര്‍ത്തിച്ചു. ശ്രദ്ധിക്കുക ഒരു വിപ്ളവനേതാവാകുവാന്‍ ഇടം കൊടുത്തത് ആരാണെന്ന് വ്യക്തമല്ലേ?
നമ്മുടെ കുട്ടികളെ ചെറുപ്രായത്തില്‍തന്നെ സഭാ ആരാധനകളില്‍ സജീവമാക്കുക. കൂടാതെ കുടുംബപ്രാര്‍ത്ഥനകളില്‍ അവരെ പങ്കാളികളാക്കി വളര്‍ത്തിയെടുക്കുക. തിരുവചനത്തില്‍ പറയുന്നു: “യഹോവയുടെ വഴി പരമാര്‍ത്ഥതയുള്ളവര്‍ക്കു ശക്തിയാകുന്നു; ദുഷ്പ്രവൃത്തിക്കാര്‍ക്ക് നാശം ഭവിക്കും”. (സദൃ.10:29)
ചെറുപ്രായത്തില്‍ത്തന്നെ തിരുവചനം ഹൃദ്യസ്ഥമാക്കുന്ന ഏതു കുട്ടിയും വളര്‍ന്നുവരുമ്പോള്‍ യഹോവാഭക്തന്മാരും ദൈവത്തിനും ദേശത്തിനും പ്രയോജനപ്പോടുന്നവരുമായ നല്ല പൌരന്‍മാരായിത്തീരുമെന്നുള്ളത് സത്യമാണ്. അതുകൊണ്ട് മാതാപിതാക്കളാണ് കുട്ടികളെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്.
വേദപുസ്തകം നമ്മോടു പറയുന്നു: “ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കണം. നീ അവയെ നിന്റെ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കുകയും നടക്കുമ്പോഴും കിടക്കുമ്പോഴും ഇരിക്കുമ്പോഴും വഴിയില്‍ക്കൂടി നടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. (ആവ.6:6,7)
നമ്മുടെ കുട്ടികളെ നല്ലവരായി വളര്‍ത്തിയെടുക്കുവാന്‍ സര്‍വ്വശക്തനായ ദൈവം സഹായിക്കട്ടെ!
സ്നേഹപൂര്‍വ്വം,
പാസ്റ്റര്‍ ഷാജി. എസ്.