നേപ്പാള്‍ വിമാന ദുരന്തം; മിഷണറിമാരുടെ വേര്‍പാടില്‍ വേദനിച്ച് വിശ്വാസികള്‍
പത്തനംതിട്ട: നേപ്പാളിലെ വിമാനദുരന്തത്തില്‍ മരിച്ച മിഷണറിമാരുടെ വേര്‍പാട് വിശ്വാസി സമൂഹത്തിന് തീരാ നഷ്ടമാണ്.
ഇവര്‍ നേപ്പാളില്‍ ക്രൈസ്തവ മിഷണറി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നതാണ് കാരണം. രണ്ടു ദിനസം മുമ്പ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ നൂറോമാവില്‍ തൊമ്മിക്കാട്ടില്‍ മാത്യു ഫിലിപ്പിന്റെ (76) സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തശേഷം മടക്കയാത്രയിലായിരുന്നു ദുരന്തം നടന്നത്.
റാബിന്‍ ഹമല്‍ , രാജു ഠാക്കൂര്‍ , അനില്‍ ഷാഹി എന്നിവരാണ് മരിച്ചത്. ഇവരടക്കം 5 അംഗ സംഘം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എത്തിയത്.
നേപ്പാളില്‍ കഴിഞ്ഞ 45 വര്‍ഷമായി മിഷണറി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്നിരുന്ന മാത്യു ഫിലിപ്പ് ക്യാന്‍സര്‍ ബാധിതനായാണ് നാട്ടില്‍ മരിച്ചത്.
രണ്ടു വര്‍ഷം മുമ്പ് നാട്ടിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സംസ്ക്കാര ശുശ്രൂഷ ആനിക്കാട്ട് ബ്രദറണ്‍ അസംബ്ളിയില്‍ നടന്നു. അതിനുശേഷം വൈകിട്ടുള്ള വിമാനത്തില്‍ മുംബൈയിലേക്കും തുടര്‍ന്ന് അവിടെനിന്നു കാഠ്മാണ്ഡുവിലേക്കും പോയി. അവിടെനിന്ന് യതി എയര്‍ലൈന്‍സ് വിമാനത്തില്‍ പോഖരയിലേക്കും പോയ 3 പേരാണ് ദുരന്തത്തില്‍ പെട്ടത്.
രാജു ഠാക്കൂറിന്റെ മകളുമായി റാബിന്‍ ഹമലിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നുവെന്നു മാത്യു ഫിലിപ്പിന്റെ സഹോദരപുത്രന്‍ ബിബിന്‍ തോമസ് പറഞ്ഞു. ഇ
വര്‍ നേപ്പാളി ഭാഷയില്‍ ഗാനങ്ങളും ആലപിച്ചിരുന്നു. അഞ്ച് അംഗ സംഘത്തിലെ രണ്ടു പേരായ ഷാരന്‍ ഷായ്, സുമന്‍ താപ്പി എന്നിവര്‍ കാഠ്മണ്ഡുവില്‍ തങ്ങിയതിനാല്‍ അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
അപകടത്തില്‍ 5 ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 68 പേര്‍ മരിച്ചു.