ഭര്‍ത്താവ് ടേപ്പ് വരിഞ്ഞ് ജീവനോടെ കുഴിച്ചു മൂടിയ സ്ത്രീക്ക് രക്ഷയായത് വാച്ച്
വാഷിംഗ്ടണ്‍ : ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടിയ സ്ത്രീക്ക് രക്ഷയായത് ആപ്പിള്‍ വാച്ച്. അമേരിക്കയിലെ വാഷിംഗ്ടണ്‍ നഗരത്തിലെ സീയാറ്റിലാണ് അത്ഭുതകരമായ സംഭവം നടന്നത്.
യങ് സൂക്ക് എന്ന 42 കാരിയെയാണ് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച് ടേപ്പ് കൊണ്ട് ചുറ്റി കുഴിച്ചു മൂടിയത്. ഒക്ടോബര്‍ 16-നായിരുന്നു സംഭവം. വിരമിക്കാന്‍ തുക നല്‍കുന്നതിനേക്കള്‍ നല്ലത് നിന്നെ കൊല്ലുകയാണെന്ന് പറഞ്ഞാണ് നീചനായ ഭര്‍ത്താവ് ചോ ക്യോങ് (53) ഈ ക്രൂര കൃത്യം ചെയ്തത്.
തൊഴില്‍ അലക്കു ജോലിയായിരുന്നു. ഇരുവരും തമ്മില്‍ വിവാഹബന്ധം വേര്‍പെടുത്തുവാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയായിരുന്നു. ഒക്ടോബര്‍ 16-ന് ഞായറാഴ്ച ഉച്ചയ്ക്ക് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായി.
ചോയുടെ മര്‍ദ്ദനമേറ്റപ്പോള്‍ സൂക്ക് എമര്‍ജന്‍സി നമ്പരായ 911-ല്‍ വിളിച്ചു. കൂടാതെ മകള്‍ക്ക് ഇതുവഴി സന്ദേശമയയ്ക്കുകയുമുണ്ടായി.
എന്നാല്‍ ഇത് കണ്ട് കോപം മൂത്ത ചോ ഫോണ്‍ ചുറ്റിക ഉപയോഗിച്ച് തല്ലിപ്പൊട്ടിച്ചു തുടര്‍ന്ന് ഇയാള്‍ ഗാരേജിനു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാരവാനില്‍ ഭാര്യയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
കാറില്‍ കെട്ടിയിട്ട് എങ്ങോട്ടോ കൊണ്ടുപോയെന്നും ഭര്‍ത്താവ് കുഴിയെടുക്കുന്ന ശബ്ദം കേള്‍ക്കുന്നുവെന്നും ആപ്പിള്‍ വാച്ചിന്റെ സഹായത്തോടെ സൂക്ക് പോലീസിനെ അറിയിച്ചിരുന്നു. വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യം അയല്‍വാസിയുടെ സിസി ക്യാമറയില്‍ പതിയുകയും ചെയ്തു.
ഒരു കാട്ടിലേക്കായിരുന്നു കൊണ്ടുപോയത്. ഇയാള്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു മുഖത്തും ശരീരത്തും ടേപ്പിട്ടു വരിഞ്ഞു മുറുക്കിയ നിലയില്‍ സൂക്കിനെ കുഴിയില്‍ വലിച്ചിട്ട് മണ്ണിട്ടു മൂടി. എന്നാല്‍ കുഴിയില്‍ വലിച്ചിട്ടപ്പോള്‍ മരത്തടിയും കുഴിയില്‍ ഇട്ടിരുന്നു.
ഇതാണ് സൂക്കിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത്. മണ്ണ് വലിച്ചിട്ടതില്‍ നല്ലൊരു ഭാഗവും ഈ തടിയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു. ടേപ്പ് വരിഞ്ഞ കൈ ഒരു വിധത്തില്‍ വിടുവിക്കാന്‍ സൂക്കിനു സാധിച്ചു. തുടര്‍ച്ചയായി അനങ്ങള്‍ ശ്രമിച്ചു, നിരങ്ങാനും ശ്രമിച്ചു.
മുഖത്ത് മണ്ണ് വീഴുന്നത് മാറ്റാന്‍ സൂക്കിനു സാധിച്ചിരുന്നു മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ സൂക്കിനു പരിപൂര്‍ണ്ണമായി ടേപ്പില്‍നിന്നു മോചിതയാകാനും കണ്ണിനു മുകളിലെ ടേപ്പ് കൂടി നീക്കിയതോടെ കുഴിക്ക് മുകളിലേക്ക് എത്താന്‍ സൂക്കിനു കഴിഞ്ഞു.
ക്ഷീണിതയായെങ്കിലും സംഭവ സ്ഥലത്തുനിന്നും അരമണിക്കൂറോളം നടന്നപ്പോള്‍ ഒരു ഷെഡ് കാണാനിടയായി. അവിടെ ഒളിച്ചിരുന്ന സൂക്കിനെ ആളുകള്‍ കണ്ടെത്തുകയായിരുന്നു.
ഈ സമയം സമീപത്തെ എല്ലാ പോലീസ് സ്റ്റേഷനിലും യുവതിയെ തട്ടിക്കൊണ്ടുപോയ വിവരം എത്തുകയും ചെയ്തത് യുവതി ജീവിതത്തിലേക്ക് കടന്നു വരാന്‍ കൂടുതല്‍ എളുപ്പമായി. കൊലപാതക കുറ്റത്തിനും ഗാര്‍ഹിക പീഢനത്തിനും ഇവരുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.

