66 കുട്ടികളുടെ മരണം; ഇന്ത്യന്‍ കമ്പനിയുടെ സിറപ്പുകള്‍ക്കെതിരെ ഡബ്ളിയുഎച്ച്ഒ
ന്യൂഡെല്‍ഹി: ചുമ, ജലദോഷം എന്നീ രോഗങ്ങള്‍ക്കായി ഇന്ത്യന്‍ കമ്പനി നിര്‍മ്മിക്കുന്ന സിറപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത്.
മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്ന മരുന്ന് കമ്പനി നിര്‍മ്മിക്കുന്ന നാല് സിറപ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ആഫ്രിക്കയിലെ ഗാംബിയായിലെ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. സബ്സ്റ്റാന്‍ഡേര്‍ഡ് മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സംഘടന നാല് മരുന്നുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഉല്‍പ്പന്നങ്ങളെയാണ് ഡബ്ളിയുഎച്ച്ഒ സബ് സ്റ്റാന്‍ഡേര്‍ഡ് മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്.
ഗാംബിയായില്‍ 5 വയസ്സില്‍ താഴെയുള്ള 66 കുട്ടികള്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ നിമിത്തം മരിക്കാനിടയായ സംഭവത്തില്‍ കമ്പനിയുടെ സിറപ്പുകള്‍ക്ക് ബന്ധമുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ .
ഡൈ എഥിലീന്‍ ഗ്ളൈക്കോളും, എഥിലീന്‍ ഗ്ളൈക്കോളും അമിതമായ അളവില്‍ ഈ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഡബ്ളിയുഎച്ച്ഒയുടെ ട്വിറ്റില്‍ പറയുന്നു.

