ജീവനോടെ അടക്കം ചെയ്യപ്പെട്ട യുവാവ് കല്ലറ പൊട്ടിച്ച് പുറത്തുവന്നു
ബൊളിവിയയില്‍നിന്നാണ് ആശ്ചര്യകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നത്. എല്‍ അല്‍ട്ടൊ എന്ന നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനാണ് രസകരമായ സംഭവം നടന്നത്.
അന്നാട്ടിലെ ടോബ എന്ന വംശക്കാര്‍ വര്‍ഷം തോറും ഭൂമി മാതാവിനായി ഒരു പ്രത്യേക ഉത്സവം നടത്താറുണ്ട്. പ്രകൃതിക്കും പ്രപഞ്ചത്തിനു നന്ദി പറയാനാണിത്. പച്ചമാമ എന്നൊരു ദേവതയ്ക്കാണിവര്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുക.
ഈ ഉത്സവത്തിനായി ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം എത്തിയതായിരുന്നു വിക്ടര്‍ ഹ്യൂഗോ മൈകാ ആല്‍വറെസ് എന്ന മുപ്പതുകാരന്‍ .
ആഘോഷത്തിനിടെ നന്നായി മദ്യപിച്ച വിക്ടറിന് തന്റെ ബോധം നഷ്ടമായി. ഏറെനേരം അനക്കമില്ലാതിരുന്ന വിക്ടര്‍ മരിച്ചുപോയെന്നാണ് സുഹൃത്തുക്കളും നാട്ടുകാരും കരുതിയത്.
അവര്‍ ആചാരങ്ങളൊന്നും തെറ്റിക്കാതെ ശവം കൃത്യമായി അടക്കം ചെയ്തു. ഏറെ നേരത്തിനുശേഷം മൂത്രശങ്ക അനുഭവപ്പെട്ട വിക്ടര്‍ കണ്ണുതുറന്നപ്പോഴാണ് താനൊരു ചില്ലു പെട്ടിയിലാണെന്ന് മനസ്സിലാക്കിയത്.
അപ്പോഴും തന്നെ കുഴിച്ചിട്ടിരിക്കുകയാണെന്ന ബോദ്ധ്യം വിക്ടറിനു തോന്നിയതുമില്ല. ചില്ലു തകര്‍ത്തു പുറത്തുവന്ന വിക്ടര്‍ സിമന്റും ചെളിയുമൊക്കെ നീക്കി വേഗത്തില്‍ കുഴിയുടെ മുകളിലെത്തി.
പിന്നീടാണ് തനിക്ക് സംഭവിച്ചതിനെക്കുറിച്ച് വിക്ടറിന് തിരിച്ചറിവുണ്ടായത്.
ഉല്‍സവം നടന്ന അല്‍ അല്‍ട്ടൊയില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെയുള്ള അച്ചാകച്ചി എന്നൊരിടത്താണ് ഇയാളെ കുഴിച്ചിട്ടിരുന്നത്. തനിക്ക് സംഭവിച്ചത് വിക്ടര്‍ പോലീസില്‍ അറിയിച്ചെങ്കിലും അവര്‍ വിശ്വസിക്കാന്‍ ആദ്യം തയ്യാറായില്ല.
പിന്നീട് പ്രാദേശിക മാധ്യമങ്ങളാണ് വിക്ടറിന്റെ ഐതിഹാസിക കഥ ലോകത്തെ അറിയിച്ചത്. എന്നാല്‍ തനിക്ക് സംഭവിച്ചത് വെറുമൊരു അബദ്ധമല്ലെന്നും ഉല്‍സവത്തിന് എത്തിയവര്‍ തന്നെ പച്ചാമാമയ്ക്ക് ബലിയായി നല്‍കിയതാണെന്നുമാണ് വിക്ടര്‍ ആരോപിക്കുന്നത്.

